Sunday, January 18, 2015

ഏറുമാടങ്ങളിലെ ഒളിജീവിതം.

മലയാളം ന്യൂസ് 17/05/2015നു പ്രസിദ്ധീകരിച്ചത് 
ചുട്ടുപൊള്ളുന്ന ചൂടിലും അതി ശൈത്യത്തിലും,ശീതീകരണ സംവിധാനങ്ങളോ റൂം ഹീറ്ററുകളോ ഇല്ലാതെ  മണ്ണിനോട് മല്ലിട്ട് ജീവിതം കരുപ്പിടിപ്പിക്കുന്ന പ്രവാസികളുണ്ട്‌ സൌദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍.
നഗരങ്ങളില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ  വിദൂര ഗ്രാമങ്ങളില്‍ ദിവസത്തിന്റെയോ മാസത്തിന്റെയോ സമയക്കണക്കറിയാതെ പേരറിയാ പ്രവാസികളായി കഴിയുന്ന വിവിധ രാജ്യക്കാര്‍!!.അജ്ഞത കൊണ്ടും ചതിയില്‍പെട്ടുമാണ് പലരും ഇങ്ങിനെ മസ്രകളില്‍ ആടുജീവിതം നയിക്കുന്നത്.എന്നാല്‍ സൌദിഅറേബ്യയുടെ അയല്‍ രാജ്യങ്ങളോട് ചേര്‍ന്ന കൃഷിയിടങ്ങളില്‍  പരാതികളോ പരിഭവങ്ങളോ ഇല്ലാതെ നിയമത്തിന്റെ യാതൊരു ആനുകൂല്യവും ലഭിക്കാതെ പണിയെടുക്കുന്നവരാണ് യമനികര്‍ഷകര്‍.സൌദി -യമന്‍ അതിര്‍ത്തി പങ്കിടുന്ന അത്വാലിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വെട്ടിച്ചു മലനിരകളില്‍ കൂടിയാണ് ഇവര്‍ യാത്രാരേഖകളില്ലാതെ ഇവിടെയത്തുന്നത്. കിലോമീറ്ററുകള്‍ കാല്‍നടയായും ചിലപ്പോഴൊക്കെ കിട്ടുന്ന വാഹനത്തില്‍ കയറിയും ഇവര്‍ സൌദിഅറേബ്യയിലെത്തി കാര്‍ഷിക ജോലിയില്‍ ഏര്‍പ്പെടുന്നു.

Saturday, January 3, 2015

വിപ്ലവത്തില്‍ നിന്നും പ്രവാസത്തിലേക്ക് !!.

മലയാളം ന്യൂസ് -നവംബര്‍ 2നു പ്രസിദ്ധീകരിച്ചത് 
ചോരതിളക്കുന്ന പ്രായത്തില്‍ നക്സല്‍ വര്‍ഗ്ഗീസിന്റെയും, അജിതയുടെയും ഫിലിപ്പ് എം പ്രസാദിന്റെയുമൊക്കെ നക്സല്‍പ്രസ്ഥാനത്തില്‍ നിന്നും പ്രവാസത്തിലേക്കുള്ള ഹസ്സന്‍ ഹാജിയുടെ ചുവടുമാറ്റം ആദര്‍ശ വ്യതിയാനം കൊണ്ടായിരുന്നില്ല.വിപ്ലവവും ജയില്‍വാസവുമൊന്നും പട്ടിണിയും  പ്രാരാബ്ധവും മാറ്റില്ല എന്ന തിരിച്ചറിവായിരുന്നു.

ബീഡി കമ്പനിയില്‍ നിന്നും പാത്രം വായിച്ചുകിട്ടുന്ന  കൂലിയായി കിട്ടുന്ന  ഒറ്റ ബീഡിയും . വൈകുന്നേരങ്ങളില്‍ ഇടതു വിപ്ലവ ചിന്തകള്‍ ഉണര്‍ത്തുന്ന പുസ്തകകങ്ങളും ലഘു ലേഖകളുമായിരുന്നു മംഗലശ്ശേരി ഹസ്സന്‍ ഹാജിയുടെ ബാല്യത്തിലെ നേരമ്പോക്കുകള്‍.രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുദ്രാവാക്യങ്ങള്‍ എഴുതിക്കൊടുത്തും, നാടകങ്ങള്‍ക്ക് തിരക്കഥ എഴുതിയും ലക്ഷ്യ ബോധമില്ലാത്ത യൌവ്വനത്തില്‍, ഭരണവര്‍ഗ്ഗത്തിന്റെ തലവേദനയായി മാറിയ നെക്സ്ല്‍ പ്രവര്‍ത്തനത്തില്‍ ആകൃഷ്ഠനായി ഇടതു  പ്രസ്ഥാനത്തില്‍ ചേരുകയും , എ കെ ജി ആഹ്വാനം ചെയ്ത സമരത്തില്‍ ജയില്‍ വാസം അനുഭവിക്കുകയും ചെയ്യേണ്ടി വന്നു. ഒന്നരവയസ്സും  ആറരമാസവുമുള്ള കുഞ്ഞുങ്ങളെ കൈകളിലേല്‍പ്പിച്ചു പ്രിയതമ ഇഹലോകത്തോട് വിട  പറഞ്ഞപ്പോഴാണ്  പ്രസ്ഥാനത്തില്‍ നിന്നു വിട്ടു നിന്നു  ജിവിതത്തെ കൂടുതല്‍ ഗൌരവമായി കാണാന്‍ തുടങ്ങിയത്.അര്‍ദ്ധപട്ടിണിയില്‍ നിന്നും ഓലമേഞ്ഞ ഷെഡില്‍ നിന്നും ഒരു താല്‍ക്കാലിക പരിഹാരം,പുതുതായി ജീവിതത്തിലേക്ക് കടന്നു വന്ന പ്രിയപ്പെട്ടവളുമൊത്തു അല്ലലില്ലാത്ത  ജീവിതം ഇതൊക്കെയായിരുന്നു കടല്‍കടക്കാന്‍ ഹാജിയെ പ്രേരിപ്പിച്ചത്..