സുബൈര്‍ മൌലവി!! നടക്കാതെ പോയ ചില സ്വപ്നങ്ങള്‍ !.

അകാലത്തില്‍ പൊലിഞ്ഞുപോയ ചില സൗഹൃദങ്ങളുണ്ട് . ഓര്‍മ്മയുടെ അകത്തളങ്ങളില്‍ ക്ലാവ് പിടിക്കാതെ കാലമെത്രയായാലും അതങ്ങ് കിടക്കും .പ്രവാസത്തിന്റെ തുടക്കം മുതലേ സുബൈര്‍ മൌലവിയെ അറിയാം. ന്യൂജന്‍ കാലത്തെ പ്രവാസത്തിലുള്ളവര്‍ക്ക് മൌലവിയുടെ പ്രവാസ ജീവിത കഥകളൊക്കെ "വെറും കെട്ടു കഥകളോ തള്ളലുകളോ യൊക്കെയാവാം ..അരച്ചാണ്‍ വയര്‍ നിറക്കാന്‍ മുണ്ട് മുറുക്കിയുടുത്തു ,പട്ടിണിയോട് യുദ്ധം ചെയ്യാന്‍ വരുതിക്കാലമായ എഴുപതു കളുടെ അന്ത്യ പാദത്തില്‍ പ്രവാസത്തിലെത്തിയത് ഒരു നിയോഗമായിരുന്നുല്ലെന്നിരിക്കാം.
ഒരൊഴിവ് വെള്ളിയാഴ്ചയുടെ പകലാദ്യത്തില്‍ കടലില്‍ അരക്കൊപ്പം വെള്ളത്തിലിറങ്ങി ചൂണ്ടയിടുന്ന മൌലവിയെ കരയില്‍ നിന്ന് കൌതുകത്തോടെ നോക്കിനിന്നതോര്‍മ്മയുണ്ട് ..
ആദ്യ സമാഗമത്തില്‍ തന്നെ വല്ലാത്തൊരു ആകര്‍ഷണിയത ആ മുഖപ്രസാദത്തില്‍ ഉണ്ടായിരുന്നു ..എനിക്ക് മാത്രമല്ല അത് തോന്നിയിട്ടുണ്ടാവുക,സുബൈര്‍ മൌലവിയെ ഒരിക്കലെങ്കിലും നേരിട്ട് കണ്ടവര്‍ക്ക് ആ നിഷ്കളങ്കമായ പുഞ്ചിരിയെ മറക്കാന്‍ കഴിയില്ല !!.


ആദ്യകാല പ്രവാസിയായതും അറബിയിലെ പരിക്ജ്ജാനം മൌലവിയെ അറബികളുമായി അടുപ്പിച്ചു. ആ ഭാഷാ പ്രാവീണ്യം അത് കൊണ്ട് തന്നെ നിരവധി പ്രവാസികള്‍ക്ക് നീതി തേടികൊടുക്കുന്നതില്‍ സഹായമായി. അപ്രതീക്ഷിതമായുണ്ടാവുന്ന പ്രവാസികളിലെ മരണത്തിലും അപകടങ്ങളിലും മറ്റും ഒരു കൈത്താങ്ങായി എന്നും മൌലവി ഓടിയെത്തുമായിരുന്നു. ആരോടും പകയില്ല ആരുമായും ഒരു ആലോഹ്യത്തിനും പോവാറില്ല. ഇളയവരോടെക്കെ "സ്നേഹപൂര്‍വ്വം എന്താ മോനെ വര്‍ത്താനം " എന്ന കുശാലാന്വേഷണങ്ങള്‌ മാത്രം !!.അത് കൊണ്ടാവാം ഒരിക്കല്‍ കണ്ടവര്‍ മൌലവിയെ പിന്നീട് മറന്നു പോവാതിരുന്നത് !!.
അവറാന്‍ ഹാജിയുടെ ബൂഫിയയിലിരിക്കുമ്പോള്‍ മൌലവിയോട് സ്നേഹപൂര്‍വ്വം ചോദിച്ചു " നിങ്ങള്‍ സുന്നിയാണോ മുജാഹിദാണോ " എന്ന് ..മനസ്സറിയാന്‍ ചുമ്മാ ഒരു ചോദ്യമായിരുന്നില്ല അത് .കാരണം ഖുന്ഫുധയിലെ എല്ലാ മത വിശ്വാസികളുടെയും ഒട്ടു മിക്ക പരിപാടികളിലും മൌലവി ഒരു നിറഞ്ഞ സാന്നിധ്യമായിരുന്നു !!..അത് കൊണ്ട് തന്നെ എന്റെ ചോദ്യത്തിനെ നേരിട്ടത് ഇങ്ങിനെയായിരുന്നു" മോനെ ഞാനൊരു പച്ച മനുഷ്യനാണ് , നമുക്ക് ശെരിയെന്നു തോന്നുന്നത് ചെയ്യുക . എന്നാലത്‌ മറ്റുളളവര്‍ക്ക് ബുദ്ധിമുട്ടാകുന്നതാണെങ്കില്‍ ഒഴിഞ്ഞു പോവുക " .
ആദ്യകാല പ്രവാസികളെ പരിചയപ്പെടുത്തുന്ന "പ്രവാസം അന്നും ഇന്നും " എന്ന മലയാളം ന്യൂസ് പംക്തിയിലേക്ക് ഒരു അഭിമുഖം തയ്യാറാക്കാന്‍ പല തവണ സമീപിച്ചെങ്കിലും സ്നേഹപൂര്‍വ്വം ഒഴിഞ്ഞുമാറി" ഇന്ഷ അള്ള പിന്നീട്" അതായിരുന്നു മറുപടി. ചെയ്യുന്ന നന്മകള്‍ ആരും അറിയരുത്. എല്ലാം എന്റെ സംതൃപ്തിക്കും പടച്ചവന്റെ കാരുണ്യത്തിനും മാത്രം. പത്രത്തിലൊന്നും കൊടുത്തു എന്നെ നാലാളുകള്‍ അറിയണ്ട !! അതായിരുന്നു നിലാപാട്..
ഒരിക്കല്‍ ചെങ്കടലിന് തീരത്തെ ബെഞ്ചിലിരുന്നു കടല്‍ കാറ്റേറ്റ് ,ഒരിക്കലും വാര്‍ത്തയാക്കരുത് എന്ന നിബന്ധനയില്‍ ഓര്‍മ്മകളടെ ഭാണ്ടകെട്ടുകള്‍ തുറന്നു തന്നു. നമ്മള്‍ അനുഭവിക്കാത്ത കഥകളൊക്കെ നമുക്ക് വെറും കെട്ടുകഥകളാണ് എന്ന വാക്യം
എത്ര സത്യമാണ് !!.
പ്രവാസത്തിന്റെ പുറപ്പാട് കാലം മൌലവിക്കൊപ്പം വന്നവര്‍ പലരും നല്ല നിലയിലായി, അവരില്‍ പലരും സാമ്പത്തികമായി ഉയര്‍ന്നു .ചിലര്‍ മണ്ണോടു ചേര്‍ന്നു. ചിലര്‍ എന്നെ ഈ പ്രവാസ ഭൂമികയോട് വിടപറഞ്ഞു!!..സ്വന്തം മണ്ണില് അന്തിയുറങ്ങാന്‍ പക്ഷേ മൌലവിക്ക് മാത്രം വിധിയുണ്ടായില്ല,
പ്രവാസം നിര്‍ത്തി പോവുന്നു എന്ന് പറഞ്ഞു ഒരിക്കല്‍ ഫോണില്‍ വിളിച്ചത് ഓര്‍മ്മയുണ്ട്. രണ്ടു മാസങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടപ്പോള്‍ തീരുമാനം മാറ്റി, കുറച്ചൂടെ കഴിയട്ടെ,,ചിലപ്പോ ഇവിടെ തീരനാവും വിധിയെന്നു പറഞ്ഞു പുരത്തുറ്റ് തട്ടി..
ജാലിയാത്തിലെ നോമ്പ് തുറക്കായിരുന്നു അവസാനം കണ്ടത് . ഞാന്‍ നാട്ടിലേക്ക് തിരിക്കുന്നതിന്റെ തലേ ദിവസമായിരുന്നു അത് . അവധി കഴിഞ്ഞു തിരികെ വരുമ്പോള്‍ ഖുര്‍ആന്‍ ക്ലാസില്‍ പങ്കെടുക്കണം എന്നും , പ്രവാസി സംഘടന മുന്നോട്ട് കൊണ്ട് പോവുന്നതിനെക്കുറിച്ചുമൊക്കെ സംസാരിച്ചു പിരിയുമ്പോള്‍ ഒരിക്കലും നിനച്ചില്ല അതൊരു അവസാന യാത്രാപറച്ചിലാവുമെന്ന്. നടക്കാതെ പോയ ആ ഇന്റര്‍വ്യൂവിനെ ഓര്‍മ്മിച്ചപ്പൊ എന്നെ കുറിച്ച് എഴുതാന്‍ ഒരിക്കല്‍ നിനക്ക് സമയം ഉണ്ടാവും,,അപ്പൊ എഴുതിക്കോ എന്നായിരുന്നു മറുപടി. മരണം അദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നോ ആവോ ? ..
ഒരിക്കലും ഉള്‍കൊള്ളാന്‍ കഴിയാത്ത ആ വാര്‍ത്ത തേടിയെത്തിയത് റമദാനിലെ ഒന്‍പതിലെ ഈ ദിനത്തിലായിരുന്നു. പ്രിയ സുഹുര്‍ത്ത് അഫസലുമൊന്നിച്ചു ജോലിക്ക് പോവുമ്പോള്‍ വിധി ഒരു കാര്‍ അപകടത്തിന്റെ പേരില്‍ ഇരു വരെയും തട്ടിയെടുത്തു.. ദാമ്പത്ത്യത്തിന്റെ മധു നുകരും മുന്നേ കൊഴിഞ്ഞു പോയ മറ്റൊരു ജീവിതം, പറക്കമുറ്റാത്ത രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും. ജീവിതമെന്ന പ്രഹേളികയിലേക്ക് വലിയൊരു ചോദ്യ ചിഹ്നമെറിഞ്ഞു, ഭാര്യ യെയും തനിച്ചാക്കി അവനും മൌലവിക്കൊപ്പം അന്ത്യ യാത്രയായി..
ജനിച്ചാല്‍ ഒരിക്കല്‍ മരണം ഉറപ്പാണ് എങ്കിലും ചില വേര്‍പാടുകള്‍ നമ്മെ കാലങ്ങള്‍ ക്ഴിഞ്ഞാലും വിടാതെ പിടുകൂടും. സ്വപ്‌നങ്ങള്‍ മതിയാക്കി നാട്ടിലേക്ക് പോവാനിരുന്നതാണ് സുബൈര്‍ മൌലവി, സ്വപ്ങ്ങള്‍ കണ്ട് പ്രവാസത്തിലേക്ക് കാലെടുത്തു വെച്ചതേ ഉണ്ടായിരുന്നുള്ളൂ അഫസല്‍ :(നാഥാ നിന്റെ സ്വര്‍ഗ്ഗപൂങ്കാവനത്തില്‍ ഇരു വരെയും പ്രവേശിപ്പിക്കണേആമീന്‍ ) എന്ന് പ്രാര്‍ഥിക്കാന്‍ അല്ലാതെ എന്ത് ചെയ്യാന്‍ ? .

10 comments:

 1. ഫൈസൽ പറഞ്ഞതുപോലെ ചിലർ അങ്ങനെയാണ്,.... അവരുടെ സാന്നിധ്യം എപ്പോഴും ഫീൽ ചെയ്യും. ഖുൻഫുദയിലെ മലയാളികൾക്കിടയിലെ ഒരു സ്വാധീനമോ ... ഒരു ജ്യേഷ്ട സഹോദരൻ മാതിരിയോ .. അങ്ങനെന്തെല്ലാമോ ആയിരുന്നു..
  ഇപ്പോൾ ഫൈസലിന്റെ ഈ കുറിപ്പ് വായിച്ചപ്പോഴാണ് സുബൈർ മൗലവി നമ്മുടെ ഇടയിൽ ഇല്ലായെന്ന യാഥാർഥ്യം തിരിച്ചറിയുന്നതുപോലും .....

  ReplyDelete
 2. ഇരുവർക്കും നിത്യശാന്തിയുണ്ടാകട്ടെ.

  ReplyDelete
 3. അദ്ദേഹം പറഞ്ഞതുപോലെ ഒടുവിൽ എഴുതേണ്ടിവന്നു അല്ലേ....
  പ്രാർത്ഥനകൾ...

  ReplyDelete
 4. ഓ.... ഫൈസൽ ... ഇത് വായിക്കുമ്പോൾ എന്താണ് മനസ്സിൽ തോന്നിയത് ... അറിയില്ല .... ഒന്നും നമുക്ക് മുൻകൂട്ടി അറിയില്ലല്ലോ... നാളെ എന്ത് ... നമ്മുടെയൊക്കെ ജീവിതം എങ്ങനെ ... ഒന്നും... എല്ലാം ഈശ്വരനിശ്ചയം പോലെ മാത്രേ നടക്കൂ... അത്രമാത്രം..

  ReplyDelete
 5. പ്രാര്‍ത്ഥനകള്‍.....

  ReplyDelete
 6. വാക്കുകൾ അറം പറ്റിയത് പോലെയായല്ലോ ഫൈസൽ... പ്രാർത്ഥനകൾ

  ReplyDelete
 7. സങ്കടം ഫൈസൽ.
  എത്രനാൾ ഉണ്ടെന്നറിയാതെയീ ഭൂമിയിൽ
  കണ്ടും, പരസ്പരം മിണ്ടീം പറഞ്ഞും
  ഇത്തിരി സൗഹൃദപൂന്തേൻ നുകർന്നും
  ഒട്ടുനാൾ പിന്നിടെ, പെട്ടെന്നൊരു ദിനം
  മാഞ്ഞുപോയ് നീ, യിനി നോവാർന്നൊരോർമ്മയായ്!!!

  ഫൈസൽ പ്രാർത്ഥിക്കും പോലെ അവർ സ്വർഗ്ഗം വരിയ്ക്കട്ടെ. എന്റെയും പ്രാർത്ഥനകൾ.വളരെ ഹൃദയ സ്പര്ശിയാണ് ഈ എഴുത്ത്.

  ReplyDelete
 8. ഇരുവർക്കും നിത്യശാന്തിയുണ്ടാകട്ടെ.

  ReplyDelete
 9. ജനിച്ചാല്‍ ഒരിക്കല്‍ മരണം
  ഉറപ്പാണ് എങ്കിലും ചില വേര്‍പാടുകള്‍
  നമ്മെ കാലങ്ങള്‍ ക്ഴിഞ്ഞാലും വിടാതെ പിടുകൂടും.
  സ്വപ്‌നങ്ങള്‍ മതിയാക്കി നാട്ടിലേക്ക് പോവാനിരുന്നതാണ്
  സുബൈര്‍ മൌലവി, സ്വപ്ങ്ങള്‍ കണ്ട് പ്രവാസത്തിലേക്ക്
  കാലെടുത്തു വെച്ചതേ ഉണ്ടായിരുന്നുള്ളൂ അഫസല്‍ :(നാഥാ നിന്റെ സ്വര്‍ഗ്ഗപൂങ്കാവനത്തില്‍ ഇരു വരെയും പ്രവേശിപ്പിക്കണേആമീന്‍ ) എന്ന് പ്രാര്‍ഥിക്കാന്‍ അല്ലാതെ എന്ത് ചെയ്യാന്‍ ? .

  പ്രണാമം ...

  ReplyDelete
 10. എല്ലാവർക്കും എന്തെങ്കിലും ബാക്കി ആകുന്നു

  ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.