മൂന്നു പേര്‍! നാല് രാജ്യങ്ങള്‍!, ആകാംക്ഷയോടെ എണ്‍പത് ദിനരാത്രങ്ങള്‍!അനുഭവങ്ങളാണ് ഏറ്റവും വലിയ ഗുരുനാഥന്‍ ,,ഒരാളെ ഏറ്റവും കൂടുതല്‍ മനസ്സിലാക്കാന്‍ അവരുടെ കൂടെ യാത്ര പോയാല്‍ മതിയെന്നും പറയാറുണ്ട് ..
കഴിഞ്ഞ അവധിക്കാലത്ത്‌ ഇക്കായുടെ വീട്ടിലെ ബെഡ് റൂമില്‍, കട്ടിലിനടിയില്‍ ഒളിപ്പിച്ച കുറെ യാത്രാ സാമഗ്രികള്‍ കണ്ടപ്പോള്‍ തന്നെ അവനെന്തോ ചില ഉദ്ദേശങ്ങള്‍ ഉണ്ടെന്ന് മനസ്സിലുണ്ടായിരുന്നു ,


ഒരു പാട് പ്രത്യേകതകളുള്ള ഒരു യാത്ര ചെയ്യണമത്രെ അവനു ..അതും ഇന്ത്യ മുഴുവന്‍ കറങ്ങണം.ആളുകളെ മനസ്സിലാക്കണം ചുരുങ്ങിയത് ഒരു മാസമെങ്കിലും എടുക്കണം. അവന്‍ മനസു തുറന്നു ..കഷ്ടിച്ച് ഒരു ആഴ്ച പോലും കുട്ടികളെയും ഇത്തയെയും പിരിഞ്ഞിരിക്കാത്തയാളാണ് പറയുന്നത്. ഒരു ബുള്ളറ്റ് വാങ്ങിയാല്‍ ആളുകള്‍ ഇങ്ങിനെ മാറുമോ?. പ്രത്യേകിച്ചും സ്കൂളും വീടുമായി ഒതുങ്ങികൂടുന്ന ഒരാള്‍ക്ക് ? .വിഷയം ഉമ്മയെ അറിയിക്കണം.ആദ്യ സമ്മതം അവിടെ നിന്നുമാണല്ലോ കിട്ടേണ്ടത് ...അന്തി ചര്‍ച്ചയില്‍ പത്തു ദിവസത്തെ യാത്ര എന്ന് പറഞ്ഞപ്പോള്‍ തന്നെ ഉമ്മക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല ,എന്നിട്ടല്ലേ ഒരു മാസം ..

തീര്‍ത്തും അപരിചിതമായ മൂന്നു പേര്‍., വ്യത്യസ്ത ജീവിത ശൈലിയിലും , സാഹചര്യങ്ങളിലും, സംക്സാരങ്ങളിലുമുള്ളവര്‍.കേരളത്തിന്‍റെ മൂന്നു ജില്ലകളില്‍ നിന്നുള്ളവര്‍, പിന്നെയുമുണ്ട് പ്രത്യേകതകള്‍.ഇവര്‍ മൂന്നു പേരും ആദ്യമായി കണ്ട് മുട്ടുന്നത് യാത്ര ചെയ്യുന്ന ദിവസം .. തികച്ചും അത്ഭുതവും ഉള്ളില്‍ ഭയമുണ്ടാക്കിയതും അത് തന്നെയായിരുന്നു.. എങ്ങിനെ ഇവര്‍ അടജസ്റ്റ്ചെയ്തു പോവും എന്നുള്ളത് .

ഇന്ത്യയുടെ നിലവിലെ സാഹചര്യത്തില്‍ അന്യ സംസ്ഥാനങ്ങളില്‍ കൂടി ഒരു യാത്ര എത്ര സുരക്ഷിതമായിരിക്കും?.സോഷ്യല്‍ മീഡിയകളിലും വാര്‍ത്താ മാധ്യമങ്ങളിലും വരുന്ന ഭീതിതമായ സംഭവങ്ങള്‍ !!. അതും ബൈക്കിലാവുമ്പോള്‍ പ്രത്യേകിച്ചും . അങ്ങിനെ ആലോചിക്കുമ്പോള്‍ തന്നെ ഉള്ളില്‍ ആധിയാണ് . പിന്നെ ഉമ്മയുടെ കാര്യം പറയണോ . എങ്കിലും അവന്‍റെ വലിയൊരാഗ്രഹത്തിനു തടസ്സം നില്‍ക്കരുത് എന്ന ഉമ്മ മനം ആ സാഹസിക യാത്രയുടെ ആദ്യ പച്ചക്കൊടി വീശി .മൂന്നു മാസത്തോളം സമയം എടുക്കും എന്നൊന്നും ഉമ്മക്കറിയുമായിരുന്നില്ല .
ബലി പെരുന്നാളിന്‍റെയന്നാണ് ആലപ്പുഴയിലെ സജിയും ,കൊല്ലത്തെ ശ്രീയും ഇക്കയും തറവാട്ടു വീട്ടില്‍ സംഗമിക്കുന്നത് , രൂപത്തിലും ഭാവത്തിലും പേരിലെ "S "അക്ഷരമല്ലാതെ വേറൊരു സാമ്യവുമില്ലാത്ത മൂന്ന് പേര്‍. പെരുന്നാള്‍ ദിവസം എല്ലാവരും ഒന്നിച്ചു കൂടുക തറവാട്ടിലാണ്. പിറന്നാള്‍ ആഘോഷത്തിന് നിറം കൂട്ടാന്‍ സജിയും ശ്രീയും ഉച്ചക്ക് തന്നെയെത്തി. ഇത്തവണ പ്രവാസികളായ ഞങ്ങള്‍ മൂന്നു സഹോദരന്മാരും കുറെ വര്‍ഷത്തിനു ശേഷം ഒന്നിച്ച് നാട്ടിലുണ്ട്.സജിയെയും സിദ്ധീക്ക് ഇക്കയെയും ശ്രീയെയും യാത്രയാക്കാന്‍ പറ്റിയ സ്ഥലം ഫാമിലി ഗ്രൂപ്പില്‍ ചര്‍ച്ചക്ക് വെച്ചത് ഇളയ പെങ്ങളായിരുന്നു.തിരുനെല്ലി കാട്ടിലെ ഗവ:ഗസ്റ്റ് ഹൌസ് അവളുടെ ഡിപ്പാര്‍ട്ട്മെന്റ് വഴി സംഘടിപ്പിക്കുകയും ചെയ്തു .മിനി ബസ്സില്‍ അങ്ങിനെ മക്കളും പേരമക്കളും അവരുടെ മക്കളുമായി ഉമ്മയങ്ങിനെ ആദ്യമായി വയനാടന്‍ ചുരം കയറി. ജീവിതത്തില്‍ ഉമ്മയുടെ ആദ്യത്തെ ടൂര്‍ ഞങ്ങള്‍ക്കൊപ്പം !!,തിരുനെല്ലി കാട്ടിലെ കൊടും തണുപ്പില്‍,അട്ടയുടെ കടി കൊണ്ട് കിടന്ന ഒരു രാത്രി.കളിയും ചിരിയും ക്യാമ്പ് ഫയറിംഗുമൊക്കെയായി,അളിയന്മാരും പെങ്ങന്മാരും അവരുടെ കുട്ടികളുമൊത്ത് ,നേരം പുലര്‍ന്നതറിഞ്ഞില്ല. പുലര്‍ച്ചെ മൂന്നു പേരേയും യാത്രയാക്കി ഞങ്ങള്‍ ചുരമിറങ്ങി.നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്മര്‍,എന്നീ രാജ്യങ്ങളില്‍ കൂടിയാണ് അവരുടെ യാത്രയെന്നും മൂന്നു മാസമെങ്കിലും എടുക്കുമെന്നും യാത്ര അല്‍പ്പം സാഹസികമാണെന്നും അറിയാവുന്നത് കൊണ്ട് ഗൂഗിള്‍ ഷെയറിംഗിലും,എഫ് ബി പേജിലും വാട്സ് ആപ്പിലും സ്ഥിരമായി ഫോളോ ചെയ്തു കൊണ്ടിരുന്നു . അവര്‍ പോയിട്ട് ഇപ്പോള്‍ രണ്ടര മാസം കഴിഞ്ഞിരിക്കുന്നു, കയ്പും മധുരവുമായ അനുഭവങ്ങള്‍ കേട്ടപ്പോള്‍ , അറിയാതെ മനസ്സും അവരോടൊപ്പം യാത്രയാവുകയാണ് .രണ്ടര മാസം പിന്നിട്ട യാത്രയിപ്പോള്‍ ബംഗാള്‍ കഴിഞ്ഞു.
ഇനി തിരിച്ചു വരവിന്‍റെ നാളുകളാണ് .

കല്‍ക്കത്തയിലെ ഏതോ ഒരു ഹോട്ടലില്‍ നിന്നും രാത്രിയുടെ അന്ത്യ യാമങ്ങളില്‍ എഴുതിയ ഇക്കയുടെ ഫെസ് ബുക്ക് അപ്ടേറ്റ്‌ ഒന്നു മതിയായിരുന്നു അത് വരെയുള്ള അവരുടെ യാത്രാനുഭവത്തിന്‍റെ ഏകദേശ രൂപം മനസ്സിലാക്കാന്‍ .“A journey is best measured in friends, rather than miles.” – Tim Cahill
---------------------------------------
യാത്ര ചെയ്യാത്തവൻ ലോകമെന്ന പുസ്തകത്തിന്റെ ഒരു പുറം മാത്രം കണ്ടവനാണെന്നു എവിടെയോ വായിച്ചതോർക്കുന്നു. അനുഭങ്ങളുടെ കലവറയാണ് യാത്രകൾ. അവ ചിലപ്പോൾ ദുരിതക്കയങ്ങളിലേക്കും ചിലപ്പോൾ സ്നേഹ ശീതള ഭൂമികകളിലേക്കും നമ്മെ നയിച്ചേക്കാം. നാമറിയാത്ത ലോകം നാം അനുഭവിച്ചിട്ടുള്ളതിനേക്കാൾ വിചിത്രവും സുന്ദവരവുമാണെന്ന് യാത്രകൾ നമ്മെ ബോധ്യപ്പെടുത്തും.
.
റോഡുകളിൽ നിന്നും റോഡുകളിലേക്കുള്ള യാത്രകൾ ചിലപ്പോൾ ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കുള്ളതായിത്തിരും. നാടുകളേക്കാൾ നാം നന്മയുടെ ഭൂപടങ്ങൾ കണ്ടെത്തും. നാം ഒട്ടും പ്രതീക്ഷിക്കാതെ നമ്മെ ത്തേടിയെത്തുന്ന സ്നേഹം, കരുതൽ, സഹാനുഭൂതി, അങ്ങിനെ മനസ്സ് തണുത്ത് നാം കീഴടങ്ങിപ്പോകുന്ന സ്നേഹ വലയങ്ങൾ പലപ്പോഴും നമ്മെ കാത്തിരിക്കുന്നുണ്ട് ഓരോ യാത്രകളിലും. അത്തരം ചില ബോധ്യങ്ങളിലേക്ക് കൂടിയായിരുന്നു ഇന്ത്യ, നേപ്പാൾ, ബൂട്ടാൻ എന്നീ രാജ്യങ്ങളുടെ ഗ്രാമാന്തരങ്ങളിലൂടെ ഞങ്ങളുടെ ബൈക്കുകൾ ഉരുണ്ട് ചെന്നത്.
.
രാജസ്ഥാനിലെ സാധാരക്കാരിൽ സാധാരണക്കാരായ മനുഷ്യർ. ബൈക്ക് നിർത്തുമ്പോൾ അടുത്തേക്ക് വരികയും കുശലാന്വേഷണങ്ങൾ നടത്തുകയും സൽക്കരിക്കുകയും ചെയ്തവർ. അവരുടെ ഗ്രാമങ്ങളിലേക്കും വീടുകളിലേക്കും ഞങ്ങളെ നിർബന്ധപൂർവ്വം ക്ഷണിച്ചവർ. തീർത്തും അപരിചിതരായ ഞങ്ങൾക്ക് ഒരു രാത്രി തങ്ങാൻ സ്വന്തം വീടിൻറെ മുകൾത്തട്ടിൽ സൗകര്യമൊരുക്കിത്തന്ന മണിപ്പൂരിലെ ദമ്പതികൾ, ഞങ്ങളുടെ ബൈക്കുകൾ കഴുകി വൃത്തിയാക്കിത്തന്നു കൈ വീശി യാത്രയാക്കിയ അപരിചിതർ, പാൽ മാത്രം വിൽക്കുന്ന കടയിൽ ചായ ആവശ്യപ്പെട്ടപ്പോൾ വീട്ടിൽ നിന്നും ചായ ഉണ്ടാക്കി കൊണ്ട് വന്നു ഞങ്ങളെ കുടിപ്പിച്ചു കാശ് പോലും വാങ്ങാതെ യാത്രയാക്കിയ ഗ്രാമീണൻ. അങ്ങിനെ പറഞ്ഞാൽ തീരാത്ത മനുഷ്യ സ്നേഹത്തിന്റെ അനുഭവ സാക്ഷ്യങ്ങൾ. സ്നേഹം കൊണ്ട് അത്ഭുതപ്പെടുത്തിയ, മനുഷ്യരെന്ന ഏകത്വത്തെ ബോധ്യപ്പെടുത്തിയ വലിയ മനസ്സുള്ള പച്ചയായ മനുഷ്യർ. എല്ലാ നിർമ്മിത വേർതിരിവുകൾക്കുമപ്പുറം നിഷ്കളങ്കസ്നേഹ ഭാവങ്ങൾ പകർന്ന തീക്ഷ്ണാനുഭവങ്ങളുടെ നേർക്കാഴ്ചകൾ വിവരണങ്ങൾക്കപ്പുറമാണ്.
.
72 ദിവസങ്ങൾക്ക് മുമ്പ് ഞങ്ങൾ മൂന്നു പേർ മൂന്നു ബൈക്കുകളിലായി കേരളത്തിൽ നിന്നാരംഭിച്ച യാത്ര ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ തുടങ്ങി നാലു രാജ്യങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഇപ്പോൾ നാട്ടിലേക്കുള്ള മടക്കയാത്രയിലാണ്. വീടെത്താനുള്ള തിടുക്കം ഞങ്ങൾ മൂവരുടെയും മനസ്സിന്റെ ദൗർബല്യമായി മാറിത്തുടങ്ങി. നാടും നാട്ടിൽ വിട്ടുപോന്ന സ്നേഹമുഖങ്ങളും മനസ്സിനെ അലട്ടുന്നുണ്ട്. എങ്കിലും വീടാണയാൻ ഇനിയും ആയിരക്കണക്കിന് കിലോമീറ്ററുകൾ ബൈക്ക് ഓടിക്കേണ്ടതുണ്ട്.
.
മേഘാലയലെ ചിറാപുഞ്ചിയിൽ നിന്നും സിലിഗുരിയിൽ എത്തിയിരിക്കുന്നു ഞങ്ങൾ. അടുത്ത ലക്ഷ്യം കൽക്കത്തയാണ്. ഏകദേശം 600 കിലോമീറ്ററുണ്ട് കൽക്കത്തയിലേക്ക്. പക്ഷെ അതിനിടയിൽ ഞങ്ങൾക്ക് ഒരാളെ കാണേണ്ടതുണ്ട്. അദ്ദേഹത്തെ കാണാതെ ഈ യാത്ര സഫലമാവില്ല. സിലിഗുരിയിൽ നിന്നും 150 കിലോമീറ്റർ സഞ്ചരിച്ചാൽ കിഷൻഗഞ്ചിയിലെത്താം.. അവിടെ "ഗു ഫ്രാൻ ആലം" ഞങ്ങളെ കാത്തിരിക്കുന്നു. ആരാണ് ഗുഫ്രാൻ ആലം എന്നല്ലേ. യാത്രയുടെ ഒന്നാം നാൾ തൊട്ടു ഞങ്ങളെ ഫേസ് ബുക്കിൽ ഫോളോ ചെയ്യുകയായിരുന്നു അദ്ദേഹം.
.
ബൈക്കിൽ രാജ്യങ്ങൾ ചുറ്റാൻ ഇറങ്ങിത്തിരിച്ച മൂന്നു യുവാക്കളോട് തോന്നിയ കൗതുകം പിന്നീട് സൗഹൃദമായി. പല തവണ ഫോണിലൂടെ ബന്ധപ്പെട്ടു. സുഖവിവരങ്ങൾ അന്വേഷിച്ചു. മനസ്സുകൊണ്ട് ഞങ്ങളോടൊപ്പം യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. ഏതോ മുജ്ജന്മ സൗഹൃദം പോലെ. ഞങ്ങളുടെ റൂട്ട് മനസ്സിലാക്കിയപ്പോൾ അദ്ദേഹത്തിന് ഞങ്ങളെ കണ്ടേ മതിയാകൂ എന്നായി. ആ കൂടിക്കാഴ്‌ചക്ക് ഒരു ദിവസം നഷ്ടമാകുമെന്ന ബോദ്ധ്യം ഞങ്ങൾക്കുണ്ട്. പക്ഷെ ആ സ്നേഹത്തിന് വഴങ്ങാതെ പോയാൽ ഞങ്ങൾ മനുഷ്യരാണെന്നു പറയുന്നതിൽ എന്തർത്ഥം.
.
കിഷൻഗഞ്ച് ഒരു ചെറിയ പ്രദേശമാണ്. നഗരമോ ഗ്രാമമോ എന്ന് വേർതിരിച്ചു പറയാനാവില്ല. നിറയെ സ്നേഹം പൂത്തു നിൽക്കുന്ന വർണ്ണക്കാഴ്ചകളാണ് ഞങ്ങളെ എതിരേറ്റത്. ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത ആ മനുഷ്യൻ ഞങ്ങൾക്ക് വേണ്ടി ഒരുക്കിവെച്ച സ്വീകരണം കണ്ടു വിസ്മയിച്ചു പോയി ഞങ്ങൾ. ഗ്രാമാതിർത്തിയിൽ തന്നെ ഞങ്ങളുടെ ഫോട്ടോ വെച്ച ഫ്ലെക്സ് ബോർഡുകൾ, ഞങ്ങളെ എതിരേൽക്കാൻ കാത്തിരിക്കുന്ന ഗ്രാമീണർ. എല്ലാറ്റിനും മുമ്പിലായി ഗുഫ്രാൻ ആലമും അദ്ദേഹത്തിന്റെ കുടുംബവും. അദ്ധേഹത്തിന്റെ മക്കൾ പൂക്കൾ തന്നാണ് ഞങ്ങളെ എതിരേറ്റത്.
.
ആദിത്യ മര്യാദയുടെ അവസാന വാക്കായിരുന്നു അവിടെ ഞങ്ങൾ കണ്ടത്. ഹൃദ്യമായ സ്വീകരണത്തിനും വിഭവ സമൃദ്ധമായ ഭക്ഷണത്തിനും ശേഷം ഞങ്ങൾക്ക് ഉച്ച മയക്കത്തിനായി അദ്ദേഹം ഷോപ്പിന്റെ മുകൾത്തട്ടിൽ സൗകര്യമൊരുക്കി. അതും ഷോപ്പിലേക്ക് വേണ്ടി വാങ്ങിയ പുതിയ ഫർണിച്ചറുകൾ വിരിച്ചു കൊണ്ട്. ഇന്നിവിടെത്തങ്ങാൻ അദ്ദേഹം ഒരു പാട് നിർബന്ധിച്ചു. പക്ഷെ ഞങ്ങൾക്ക് സമയം പരിമിതമാണ്. യാത്ര തുടർന്നേ പറ്റൂ. നാളെ കൽക്കത്തയിൽ എത്തണം. പിന്നീട് നാട്ടിലേക്കുള്ള റൂട്ട് ചാർട്ട് ചെയ്തു ദിവസങ്ങൾക്കുള്ളിൽ നാട്ടിലെത്തണം.
.
ഞങ്ങൾ കിഷൻഗഞ്ചിൻറെ സ്നേഹത്തോടും, ഗുർഗാൻ ആലാമിനോടും വിട പറയുകയാണ്. ഇനിയൊരു തിരിച്ചു വരവോ കൂടിക്കാഴ്‌ചയോ ഉണ്ടാവാനിടയില്ല. ഇതിനു മുമ്പ് ഇവിടം വന്നിട്ടുമില്ല. എന്നിട്ടും ഈ ഗ്രാമവും ഇവിടുത്തെ മനുഷ്യരും ഞങ്ങളുടെ മനസ്സിലെ മായാത്ത ചിത്രങ്ങളായി മാറിയിരിക്കുന്നു. അവിടെക്കൂടിയ ഓരോരുത്തരും ഞങ്ങളുടെ കൂടെ നിന്നു ഫോട്ടോ എടുത്തു. ഞങ്ങളെ കെട്ടിപ്പിടിച്ചു. സ്നേഹത്തിനു ഇങ്ങിനെ കണ്ണ് നനയിക്കാനാവുമോ. കൂടെപ്പിറപ്പുകളാവാൻ ഒരേ അമ്മയുടെ വയറ്റിൽ ജനിക്കണമെന്നില്ല.
.
സൗഹൃദങ്ങൾക്ക് ഒരേ നാട്ടിൽ പിറക്കണമെന്നില്ല. കാഴ്ചയിൽ നിന്നും അകലുന്നത് വരെ അവർ ഞങ്ങൾക്ക് നേരെ കൈ വീശി യാത്രാ മംഗളങ്ങൾ നേരുന്നുണ്ടായിരുന്നു. ഞങ്ങൾ യാത്ര തുടരുകയാണ്. അല്ല, യാത്രകളിലൂടെ വളരുകയാണ്. മനുഷ്യ സ്നേഹത്തിന്റെ ഔന്നിത്ത്യത്തിലേക്ക്. ജാതി വർഗ്ഗ വർണ്ണ ദേശ ഭാഷ വൈജാത്യങ്ങളുടെ കാൽപ്പനിക അപനിർമ്മിതികൾക്കപ്പുറം കേവലം മനുഷ്യരെന്ന മാനദണ്ഡത്തിലേക്ക്, മാനവികതയുടെ ഉത്തുംഗശൃംഗത്തിലേക്ക്. ഈ യാത്ര ഞങ്ങളെ പഠിപ്പിച്ചത് അതാണ്.
ജന്മനാടൊരുക്കിയ സ്വീകരണത്തിനു മറുപടിയായി ഇന്നലെ കുറിച്ചഫെസ്ബുക്ക്  പോസ്റ്റ്‌
:"എങ്ങിനെ നന്ദി പറയണമെന്നറിയില്ല. സുന്ദരമായ തുടക്കവും അതി ഗംഭീരമായ പര്യവസാനവും. ഒരു യാത്രക്ക് കിട്ടാവുന്ന അത്യപൂർവ്വമായ ആ സൗഭാഗ്യത്തിന്റെ സന്തോഷവും നിർവൃതിയും ഞാനെങ്ങനെ പറഞ്ഞറിയിക്കും. വാക്കുകൾക്കപ്പുറം ജീവിതം കൊണ്ട് തന്നെ ഞാൻ കടപ്പെട്ടിരിക്കുന്നു എന്റെ നാടിനോട്.
ഏറെ നാളത്തെ സ്വപ്നമായിരുന്നു ഈ യാത്ര. പ്രത്യേക നിബന്ധനകളോ സമയക്രമമോ നിശ്ചയിക്കാതെ നഗരവീഥികളിലൂടെ, ഗ്രാമാന്തരങ്ങളിലൂടെ, നാട്ടുവഴികളിലൂടെ, വിജനമായ പർവ്വതനിരകളിലൂടെ, അപകടം പതിയിരിക്കുന്ന ചെങ്കുത്തായ ഹിമാലയത്തിന്റെ മടിത്തട്ടിലൂടെ, പുഴകളും ചുരങ്ങളും താണ്ടി, കൊടിയ തണുപ്പും മഞ്ഞു പെയ്യുന്ന ശൈത്യരാവുകളും അനുഭവിച്ചറിഞ്ഞ്,

 വിഭിന്നഭൂമികകളും പ്രകൃതി സൗന്ദര്യവും തൊട്ടറിഞ്ഞ്, വ്യത്യസ്ത സംസ്‌ക്കാരങ്ങളും പൈതൃകങ്ങളും ചരിത്ര സ്മൃതിമണ്ഡപങ്ങളും ജീവിത വൈവിധ്യങ്ങളും വിശ്വാസ വൈജാത്യങ്ങളും കണ്ടറിഞ്ഞ്, കാണാത്ത വഴികളും ജനപഥങ്ങളും തേടി, അലസമായങ്ങിനെ സഞ്ചരിക്കുക. അങ്ങിനെ ഒരു സ്വപ്നം മനസ്സിൽ സൂക്ഷിക്കാത്തവർ ഉണ്ടാവുമോ.ഏറെ ദുഷ്ക്കരവും എന്നാൽ അതിലേറെ അനുഭൂതിദായകവുമായിരുന്നു ഈ ദീർഘ യാത്ര. ജീവിത പരിസരങ്ങളുടെ ഇട്ടാവട്ടങ്ങൾക്കപ്പറും പ്രവിശാലമായ ലോകത്തേക്ക് കടന്നു ചെല്ലുമ്പോൾ നമ്മുടെ ധാരണകൾ പലതും തിരുത്തിക്കുറിക്കപ്പെടും. അനുഭവങ്ങൾ പുതിയ അറിവും കരുത്തും സമ്മാനിക്കും. കടുത്ത പല ജീവിത യാഥാർഥ്യങ്ങളോടും സമരസപ്പെടാൻ മനസ്സ് പാകപ്പെടും. യാത്രകൾ സമ്മാനിക്കുന്നത് അനുഭവങ്ങളാണ്. അറിവുകളാണ്. ആ അറിവുകളാണ് ഏറ്റവും നല്ല പാഠപുസ്തകം.
വയനാട്ടിലെ തിരുനെല്ലിയിൽ നിന്നും സെപ്റ്റംബർ 2 നു രാവിലെ, മുഴുവൻ കുടുംബാംഗങ്ങളുടെയും ഊഷ്മളമായ യാത്രയായപ്പോടെയായിരുന്നു തുടക്കം. തിരുനെല്ലിയുടെ കാനന ഭംഗിയിൽ നിന്നും യാത്ര തിരിക്കുമ്പോൾ ആ യാത്രക്ക് ഇത്ര ഗംഭീരമായ ഒരു അവസാനം പ്രതീക്ഷിച്ചിരുന്നില്ല. ഏതൊക്കെ നാടുകൾ കണ്ടാലും നമ്മുടെ നാടോളം സുന്ദരമല്ല മറ്റൊന്നും എന്ന ബോധ്യത്തിലേക്കാണ് ഞാൻ വന്നിറങ്ങിയത്. കടൽ പോലെ ഒരു നാടിന്റെ നന്മയും ഒരുമയും സ്നേഹവും തിരമാലകൾ കണക്കെ ആവേശത്തിമിർപ്പോടെ എതിരേറ്റപ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു പോയി.

തൃശൂർ വരെ വന്നു എന്നെ സ്വീകരിച്ച സഹപ്രവർത്തകർ, കൊണ്ടോട്ടിയിൽ കാത്തു നിന്ന പൂർവ്വ വിദ്യാർത്ഥികൾ, ഏടവണ്ണപ്പാറയിൽ കാത്തു നിന്ന എന്റെ പ്രിയ നാട്ടുകാർ, വഴിയിൽ സ്വീകരിച്ച സബ് ഇൻസ്‌പെക്ടർ, വാഴക്കാട് സ്‌കൂളിലെ എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികൾ, ഒരുമ കൊണ്ടും സ്നേഹം കൊണ്ടും സംഘാടന മികവ് കൊണ്ടും മാതൃകയായിത്തീർന്ന ഊർക്കടവ് നിവാസികൾ. നാട് ചുറ്റാൻ പോയവന് വേണ്ടി കാത്തിരുന്ന ജന്മനാടിന്റെ സ്നേഹത്തെ ഞാൻ വാക്കുകളിൽ ഒതുക്കുന്നില്ല. തീർത്താൽ തീരാത്ത കടപ്പാടും നന്ദിയുമുണ്ട്.

നന്ദി പ്രിയ മുഷ്ത്താഖ്, റിൻസി മൂസ, അലി അക്ബർ, റഫീഖ് ആക്കോട്, എം. സി. സിദ്ദീഖ്, ഹാമിദലി മാസ്റ്റർ, XL ഫസൽ, നാട്ടിലേയും ഗൾഫ് നാടുകളിലേയും മറ്റ് സുഹൃത്തുക്കൾ, റഹ്മാനിയയിൽ നിന്ന് അവധിയെടുത്ത് സ്വീകരിക്കാനെത്തിയ സാലിം, ഹബീബ്, രണ്ട് ദിവസം ഒരുമിച്ച് യാത്ര ചെയ്തിന്റെ പരിചയത്തിൽ മാത്രം പ്രത്യേകം സ്നേഹം കാണിച്ച് എനിക്ക് വേണ്ടി ചിത്രങ്ങൾ പകർത്തി തന്ന സിറാജ്, ന്യൂസ് കവർ ചെയ്ത ഉമറലി ഷിഹാബ്, ഹൈസ്കൂൾ ക്ലാസ്സുകളിൽ കൂടെ പഠിച്ച സഹപാഠി സുഹൃത്തുക്കൾ, ഇനിയും എത്രയോ പേർ.........................

നിങ്ങളുടെ നിസ്വാർത്ഥ പ്രയത്നമാണ്, ഇച്ഛാശക്തിയാണ് ഇത്ര ഗംഭീരമായ ഒരു ഒരു സ്വീകരണത്തിന് വഴിയൊരുങ്ങിയത്. അധികമാരുമാറിയാതെ പോകുമായിരുന്ന ഈ എളിയവന്റെ ഒരു യാത്രയെ ഇത്ര വലിയ ക്യാൻവാസിൽ അടയാളപ്പെടുത്താൻ നിങ്ങൾ കാണിച്ച വലിയ മനസ്സിനെ ഞാനെന്നും നന്ദിയോടെ സ്മരിക്കും. ഇതൊരു വലിയ പ്രതീക്ഷയാണ്. നന്മയും ഒരുമയും ഉണ്ടെങ്കിൽ നമുക്കും പലതും ചെയ്യാനാവുമെന്ന പ്രതീക്ഷ.


9 comments:

 1. യാത്രാവിവരണം വായിച്ചു . ഒരു സാഹസികയാത്ര ...നന്നായിട്ടുണ്ട് വിവരണം. അങ്ങനെ ഫൈസലിന്റെ ഊർക്കടവ് ബ്ലോഗ് ഉണർന്നു സജീവമാകുന്നു അല്ലേ.
  ആശംസകൾ.

  ReplyDelete
  Replies
  1. എത്രയൊക്കെയായാലും ബ്ലോഗ് കൈവിടാനൊക്കുമോ ,,

   വായനക്ക് നന്ദി .. ഈ വരവിനും

   Delete
 2. "മനുഷ്യരെന്ന ഏകത്വത്തെ ബോധ്യപ്പെടുത്തിയ വലിയ മനസ്സുള്ള പച്ചയായ മനുഷ്യർ. "
  വായനയില്‍ അവരെ പിന്തുടര്‍ന്ന്,
  നമുക്ക് ആ യാത്രയുടെ ആകാംക്ഷയും ആഘോഷവും ആസ്വദിക്കാന്‍ പറ്റി,
  ഒരു പക്ഷെ ഈ ഒരു യാത്രയായിരിക്കും അദ്ധ്യാപകന്‍ കൂടിയായ സാദിക്ക് അലി മാഷിന്റെ ഏറ്റവും വലിയ ഗുരുനാഥന്‍ ,

  ReplyDelete
 3. യാത്ര പോലെ മനോഹരമായ അനുഭവം തന്നെയാണ് എനിക്ക് യാത്രകളെ കുറിച്ച് വായിക്കുന്നതും... സുന്ദരം! അഭിനന്ദനങ്ങള്‍ യാത്രികര്‍ക്ക് :)

  ReplyDelete
 4. യാത്രാ വിവരണം നന്നായിരിക്കുന്നു ..കൂടെ യാത്ര ചെയ്ത പോലെ തോന്നും ..ആശംസകൾ

  ReplyDelete
 5. മാദ്ധ്യമങ്ങൾ വരെ ഏറ്റെടുത്ത അടിപൊളി സഞ്ചാരം ...!
  ഈ സാഹസിക യാത്രാവിവരണം ഇതുവരെ എന്റെ കണ്ണിൽ പെട്ടില്ലായിരുന്നു കേട്ടോ ഭായ്

  ReplyDelete
 6. ഉഗ്രൻ യാത്ര ആയിരുന്നല്ലോ. അടിപൊളി

  ReplyDelete
 7. എന്നാ പറയണം എന്നറിയത്തില്ല.അനിയന് നന്മകള്‍ നേരുന്നു.

  ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.