ഈ ലോകത്തെ കുപ്പി ചില്ലുകള്‍!.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിറ്റായ പ്രിയദര്‍ശന്‍ സിനിമയിലെ ഒരു തമാശയുണ്ട്. എത്ര സത്യം പറഞ്ഞിട്ടും വിശ്വസിക്കാത്ത അമ്മയെ തെളിവ് കാട്ടി ശ്രീനിവാസന്‍ പറയുന്നു "അമ്മാമേ ഇത് ചക്കയല്ല". "അല്ല" "ഇത് മാങ്ങയല്ല " "അല്ല" എന്ന് തുടങ്ങുന്ന രംഗം.ഏതാണ്ടിതു പോലെയാണ്
ഇന്നത്തെ സോഷ്യല്‍ മീഡിയകളില്‍ കൂടി പ്രചരിക്കുന്ന പല വാര്‍ത്തകളും ചിത്രങ്ങളും. വാര്‍ത്തയുടെ നിജസ്ഥിതി അറിയാതെ എടുത്തു ചാടുന്നതില്‍ മലയാളികള്‍ക്കുള്ള ആവേശം മറ്റാര്‍ക്കും കാണില്ല എന്ന് തോന്നും ഇതൊക്കെ കാണുമ്പോള്‍..ഇന്നും വാസ്ഥവം എന്താണെന്ന് അറിയാതെ പ്രചരിക്കുന്ന ചില വാര്‍ത്തകളുടെ സത്യാവസ്ഥ തേടി ഒരു ചെറിയ അന്വേഷണമാണ് ഈ കുറിപ്പ്.
തിരഞ്ഞെടുപ്പിന്റെ ചൂടിലാണല്ലോ എല്ലാവരും.മറ്റു വര്‍ഷങ്ങളില്‍ നിന്നും വ്യതസ്തമാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും  ഈ തവണത്തെ ഇലക്ഷന്‍ പ്രചരണങ്ങള്‍ ചൂട് കാലമായതിനാല്‍ വീട്ടില്‍ നിന്നുമാണ്  എന്ന് ഒരു തമാശ വായിച്ചിരുന്നു. ഇതൊരു വെറും തമാശയായി അങ്ങിനെ തള്ളാന്‍വരട്ടെ.ഒട്ടുമിക്ക മത രാഷ്ട്രീയ നേതാക്കളും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്.നവമാധ്യമങ്ങളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ  തങ്ങള്‍ക്കനുകൂലമായി മാറ്റാനുള്ള മത്സരത്തിലാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടികളും.അതിനിടയില്‍ വാര്‍ത്തകളെ എങ്ങിനെതങ്ങള്‍ക്ക് അനുകൂലമാക്കി എടുക്കുന്നു എന്ന് നോക്കാം.

തിരഞ്ഞെടുപ്പ് അടുത്താല്‍ ഉസ്താദിന്റെ മുമ്പില്‍ കുമ്പിടും. ഇലക്ഷന്‍ കഴിഞ്ഞാല്‍ പരസ്യമായി തെറിവിളിക്കും എല്ലാത്തിന്‍റെയും ഗതി ഇതാണ്". സോഷ്യല്‍ മീഡിയയില്‍ അഴീക്കോട് സ്ഥാനാര്‍ത്ഥിക്കെതിരെ  ഈ  ക്യാപ്ഷന് ഉപയോഗിച്ച് ഒരു വിഭാഗം കുറച്ചു കാലം പ്രചരണം നടത്തി മേല്‍കൈ നേടിയെങ്കിലും പിന്നീട് മറുവിഭാഗം സത്യാവസ്ഥ  പുറത്തുകൊണ്ട് വന്നു. മൂന്നു വര്‍ഷം മുമ്പ് ഈ വിഭാഗത്തിന്റെ ഒരു പൊതുപരിപാടിയില്‍ എം എല്‍ എ എന്ന നിലയില്‍ പങ്കെടുത്ത കെ എം ഷാജി.ഉടുത്തിരുന്ന മുണ്ട് ശെരിയാക്കാന്‍ വേണ്ടി തലകുനിച്ചപ്പോള്‍ ആരോ എടുത്ത ഫോട്ടോ ആയിരുന്നു "എല്ലാവരുടെയും ഗതി ഇങ്ങിനെയാക്കിയ ഈ  ചിത്രം :)


കേരളം ഉറ്റുനോക്കുന്ന വീറും വാശിയുമുള്ള ഒരു അസംബ്ലി മണ്ഡലമാണ് മലപ്പുറം ജില്ലയിലെ താനൂര്‍.കഴിഞ്ഞ ദിവസം അവിടെ നടന്ന സംഘര്‍ഷത്തില്‍ സ്ഥാനാര്‍ത്ഥിയുടെ പരിക്കിനെപറ്റിയുള്ള തര്‍ക്കം ഇത് വരെ തീര്‍ന്നിട്ടില്ല. മുകളിലെ ഈ ഫോട്ടോ കണ്ടാല്‍ ആര്‍ക്കും ആ പറഞ്ഞതില്‍ സംശയം ഉണ്ടാകില്ല. ഇനി താഴെയുല്‍ ഫോട്ടോ കൂടി കാണുക..മൊബൈല്‍ ഫോണിലെ സെല്‍ഫി സെറ്റിംഗ്സില്‍ മിറര്‍ ഓപ്ഷന്‍ സെറ്റ് ചെയ്ത് എടുത്തതായിരുന്നു ഈ ചിത്രം.അത്  എഡിറ്റ്‌ ചെയ്ത്  ഇത്ര വലിയ പുലിവാല് ഉണ്ടാക്കും എന്ന് ആരേലും
 ചിന്തിച്ചുകാണുമോ ?

എല്ലാ ഇലക്ഷനിലും പൊങ്ങി വരുന്ന മറ്റൊരു ചിത്രമുണ്ട്. കെ എം മാണി, കൂടെയിരിക്കുന്ന പാവപ്പെട്ടവരെ   ഗൌനിക്കാതെ തനിയെ ഭക്ഷണം കഴിക്കുന്ന ചിത്രം.ഇത് ഇലക്ഷന്‍ സമയമായാല്‍ ചിലര്‍ പുറത്തിടും. അത് കഴിഞ്ഞാല്‍ മടക്കിവെക്കും. എഫ് ബി യിലെ ഒരു പ്രമുഖ ഗ്രൂപ്പില്‍ ആയിരകണക്കിന് പൊങ്കാലയാണ് ഈ ചിത്രത്തിനു കമന്റ്ആയി വന്നത്. ചടങ്ങിന്റെ ഒരു ആംഗിളില്‍ നിന്നെടുത്ത ഫോട്ടോ ആയിരുന്നു അത്.



 എന്റെ മോള്‍ക്ക് ക്യാന്‍സര്‍ ആണ്.കോയമ്പത്തൂര്‍ മെഡിക്കല്‍കോളേജില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന മോള്‍ക്ക് ലക്ഷകണക്കിന് രൂപ ചിലവു വരും.നിങ്ങളുടെ പ്രാര്‍ത്ഥന വേണം..വാട്സ് ആപ്പില്‍ കൂടി പല ഗ്രൂപ്പുകളിലായി വന്ന ഒരു ഓഡിയോ ക്ലിപ്പ് സഹിതം വന്ന വാര്‍ത്തയിലെ ചിത്രത്തിലെ കുട്ടിയുടെതാണ് ഈ ചിത്രം.സഹായം അഭ്യര്‍ത്ഥിക്കുന്ന ശൈലിയാണ് അതിലേറെ രസകരം.നാട്ടിന്‍ പുറങ്ങളിലൂടെ പോവുന്ന ഫുട്ബോള്‍ അനൌണ്‍സ്മെന്റ് പോലെ എക്കോ ശബ്ദത്തിലാണ് പുള്ളിയുടെ അഭ്യര്‍ത്ഥന.ഒരു സംശയം തോന്നി  സത്യാവസ്ഥ അറിയാന്‍ ഗൂഗിളില്‍ ഒന്ന് പരതിയപ്പോള്‍ ഫേസ്ബുക്കിലും ട്വിറ്റെറിലുമായി ഒരു ഒരു പാട് പേരുടെ പ്രൊഫൈല്‍ പിക്ചറിലെ നായികയാണ് ഈ സുന്ദരി..

കുമ്മനം രാജശേഖരന്റെ കേരള വിമോചനയാത്രക്ക് മുസ്ലിംലീഗ് നേതാവിന്റെ ആശീര്‍വാദവും സ്വീകരണവും!!നാണമില്ലേ മൂരികളെ !!. എന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ എന്‍ ഡി എഫുകാര്‍ പ്രചരിപ്പിച്ച ചിത്രം..പത്രത്തിനു താഴേകൊടുത്ത അടിക്കുറിപ്പ് മുറിച്ചായിരുന്നു ഫോട്ടോഷോപ്പ് മഹാന്‍ ഈ വേല ഒപ്പിച്ചത്.എം എല്‍ എ ആയ,എന്‍ എ നെല്ലിക്കുന്ന് സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ മത്സരത്തില്‍ വിജയികളായ കാസര്‍ഗോഡ് ടീമിനെ സ്വീകരിക്കാന്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ അവിചാരിതമായി കണ്ടുമുട്ടിയ കുമ്മനത്തോട് കുശലം പറയുന്നതിനെയാണ് സ്വീകരണ ചടങ്ങാക്കി ആഘോഷിച്ചത്.

ബീഫിന്റെയു ഗുജറാത്ത് കലാപത്തിന്റെ പേരിലും മോഡിജിയെ വിമര്‍ശിക്കുന്നവര്‍ കണ്ണുതുറന്നു കാണുക!ഇന്നലെ കര്‍ണ്ണാടകയില്‍ ഭാരതാമാതാവിനെ സേവിക്കാന്‍  കടന്നു വന്ന ആയിരകണക്കിന് സ്വയം സേവകര്‍. ഭാഗ്യം കേരളത്തില്‍ എന്ന് പറയാതിരുന്നത് !!.കൊച്ചിന്‍ എയര്‍ പോര്‍ട്ടിലെ സോളാര്‍ പാനലുകള്‍ക്ക്‌RSSല്‍ മെമ്പര്‍ഷിപ്പ് കൊടുത്തവനെ സമ്മതിക്കണം:) മുമ്പേ പലരും "വഴി മുട്ടിച്ച ഈ വാര്‍ത്ത ഇലക്ഷന്‍ ആയതോടെ വീണ്ടും "വഴികാട്ടാന്‍" തുടങ്ങിയിരിക്കുന്നു.


ഇനിപറയുന്നത് അല്‍പ്പം വൈകാരികതയും തീവ്രവുമാണ്,പ്രവാചകനെ അവഹേളിക്കുന്ന  786 എന്ന സിനിമ ഇറങ്ങിയിട്ടുണ്ടത്രെ ഹോളണ്ടില്‍!!.ഇതിനെതിരെ അറബ് ലോകത്തുള്ള അറുപത് കോടി മുസ്ലിംകള്‍ ചേര്‍ന്നാല്‍ നിരത്താന്‍ കഴിയും എന്നാണു കണ്ടുപിടുത്തം!!..ഇത് വരെ ഇറങ്ങാത്ത ഒരു സിനിമയെ പ്രവാചകന്റെ പേരില്‍ ചാര്‍ത്തി വികാരം കൊള്ളിച്ചു സായൂജ്യ മടയുന്നവന്‍റെ ലക്ഷ്യം എന്തായിരിക്കും? പോസ്റ്റില്‍ വന്ന അക്ഷരതെറ്റുകളെ കുറിച്ച് തല്‍കാലം മൌനം !!:)

വന്നു വന്നു പാലക്കാട് കഠിന ചൂട് കൊണ്ട് പക്ഷികള്‍ കൂട്ടമായി ചത്തൊടുങ്ങിയത്രെ! ഞെട്ടിപ്പിക്കുന്ന വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ വാര്‍ത്താചാനലുകള്‍ മുഴുവന്‍ തിരഞ്ഞു മടുത്തപ്പോഴാണ് ഗൂഗിളില്‍ അഭയം പ്രാപിച്ചത്. ഉത്തരേന്ത്യയില്‍ ഉണ്ടായ വരള്‍ച്ചയില്‍ പകര്‍ത്തിയ പക്ഷികളാണ് പാലക്കാട് വീണ്ടും അകാല ചരമം പ്രാപിച്ചത്..ഫെയ്ക്ക് ന്യൂസ് ആണെങ്കിലും ഈ ചിത്രങ്ങള്‍ നമ്മോട് ചിലത് പറയുന്നു എന്നത് വിസ്മരിക്കുന്നില്ല.

 പല വാര്‍ത്തകളും ഇങ്ങിനെ നമ്മെ വഞ്ചിച്ചുകൊണ്ടിരിക്കുമ്പോള്‍ നാം തിരിച്ചറിയാതെ പോവുന്ന ഒന്നുണ്ട്.പുലി വരുന്നേ പുലി എന്നതാവും ഭാവിയില്‍ നമ്മുടെ അവസ്ഥ. ഏറ്റവും അവസാനം ഇന്നലെ നടന്ന ശ്രുതിഎന്ന കുട്ടിയുടെ ആത്മഹത്യ യുമായി ഉണ്ടായ വിവാദം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
കുട്ടി മരിക്കാന്‍ ഉണ്ടായ സാഹചര്യത്തെ കുറിച്ച് സ്വന്തം അച്ഛന്‍ തന്നെ തുറന്നു പറയുന്നു,.റബര്‍ തോട്ടത്തില്‍ ജോലിയുള്ള,കയറി കിടക്കാന്‍ അത്യാവശ്യം നല്ല വീടുള്ള,പ്രാരാബ്ധത്തിലും കുട്ടികളെ ട്യൂഷന്‍ കൊടുത്തുപഠിപ്പിക്കുന്ന, കുടുംബത്തെ പട്ടിണികുടുംബം എന്നപേരില്‍ പ്രചരിപ്പിച്ചതില്‍ വിഷമം ഉണ്ട് എന്ന്.മകള്‍ പോയ ദു:ഖത്തിനൊപ്പം മറ്റൊരു ഇരുട്ടടി കൂടി കൊടുക്കുന്ന മാധ്യമ ധര്‍മ്മം!.ആദിവാസി എന്ന പദത്തെ സഹാതാപത്തിന്റെ പേരില്‍ ഏറ്റവും എളുപ്പം വോട്ടുബാങ്കാക്കി മാറ്റാന്‍ കഴിയും എന്ന തിരിച്ചറിവ് !!.വാര്‍ത്തയുടെ പൂര്‍ണ്ണമായ നിജസ്ഥിതി അറിയാതെ പ്രൊഫയില്‍ ചിത്രം മാറ്റിയും,അസഭ്യം പറഞ്ഞും കുറിപ്പുകള്‍ എഴുതിയവരോട് സഹതാപം മാത്രം!!.കുട്ടിയുടെ അച്ഛന്‍ തന്നെ വീഡിയോ അഭിമുഖത്തില്‍ നേരിട്ട് പറഞ്ഞിട്ടും അതല്ല സത്യം കുട്ടി  എഴുതിയതാണ് ഞാന്‍ അതേ വിശ്വസിക്കുകയുള്ളൂ എന്ന് വാശിപിടിക്കുന്നവരേ കുറ്റം പറയാന്‍ കഴിയില്ല. അതിനു കാരണം മുകളില്‍ പറഞ്ഞതാണ് " പുലി വരുന്നേ പുലി"    കൂടുതല്‍ പറയുന്നില്ല ട്രോള്‍ മലയാളം ഗ്രൂപ്പില്‍വന്ന ഈ ചിത്രം ബാക്കി സംസാരിക്കും !.

(ചിത്രങ്ങള്‍ക്ക് കടപ്പാട് )
   

43 comments:

  1. ഇതു മാത്രമല്ല ഇനിയുമുണ്ടൊരുപാട് . പറയുന്നില്ലാ , പറഞ്ഞിട്ട് കാര്യമില്ല. കാരണം ഒരുപാടാണ്‌ .

    ReplyDelete
  2. അതെ പറഞ്ഞാല്‍ തീരാത്ത അത്ര ....അഭിപ്രായത്തിനും വരവിനും നന്ദി മാനവന്‍

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ബ്ലോഗിനു വീണ്ടും ജീവന്‍ വെക്കട്ടെ. എഫ് ബിയില്‍ കത്തിപ്പോകുന്ന പല ഏറു പടക്കങ്ങളും ബ്ലോഗില്‍ ബിഗ്‌ ബ്ലാസ്റ്റ് ആക്കാന്‍ കഴിയും. പക്ഷേ, എഫ് ബി ല്‍ വായനക്കാരിലേക്ക് ഈസി റീച് ഉണ്ട്. ഏതായാലും ഈ പോസ്റ്റ്‌ നന്നായി ഫൈസല്‍. പട്ടിണി മരണ വാര്‍ത്തയിലേക്ക് മാത്രം വന്നാല്‍. "മറുപടി പറയെടാ മൈ... ളെ. " എന്നൊക്കെ പോസ്റ്റ്‌ കണ്ടു ഞാന്‍ ശരിക്കും ഞെട്ടി. അപ്പോള്‍ ആത്മഹത്യയുടെ ശരിക്കുള്ള കാരണം വെളിപ്പെട്ടിരുന്നില്ല. ആദ്യം ഒന്ന് രണ്ടു പോസ്റ്റ്‌ ശീലം കൊണ്ട് ലൈക് അടിച്ചു. പിന്നെയാണ് "മറുപടി പറയടാ... " എന്ന പോസ്റ്റുകളുടെ റൂട്ട് മാര്‍ച്ച് കാണുന്നത്. സംഗതി തെരഞ്ഞെടുപ്പ് ആണ് എന്ന് വ്യക്തമായി. അപ്പോഴേക്ക് കാരണവും വെളിപ്പെട്ടു. മേല്‍ പോസ്റ്റിട്ടവര്‍ പിന്നീട് പറഞ്ഞത് ആദിവാസി മേഖലയില്‍ നിന്ന് വിശപ്പ്‌ മരണം നാം എപ്പോഴും പ്രതീക്ഷിക്കുന്നു എന്നാണ്. ഇടതും വലതും മാറി മാറി ഭരിച്ചിട്ടാണ് ആദിവാസി ഈ കോലത്തില്‍ മൃതപ്രായമായത് എന്ന വസ്തുതയേയും ഇരുട്ടില്‍ നിര്‍ത്തി. ഇനി എന്തൊക്കെ കാണണം. ബ്ലോഗ്‌ തുടരുക.

    ReplyDelete
    Replies
    1. അതെ ആ വിളിയില്‍ നിന്നാണ് ഈയൊരു അന്വേഷണത്തിന്റെ തുടക്കം !!നന്ദി

      Delete
  5. ബ്ലോഗിനെ മറക്കാതിരിക്കാൻ ചില ശ്രമങ്ങൾ നല്ലതാണ്.

    ഒരു പക്ഷേ മാധ്യമങ്ങളെ നവ മാധ്യമങ്ങൾ വഴി തെറ്റിച്ചെന്ന് പറയേണ്ടി വരും ..

    ആർക്കും ഒരു ചെറിയ എഡിറ്റിങ്ങോട് കൂടി ആടിനെ പട്ടിയാക്കാൻ പറ്റുന്ന കാലം ..

    വെറുപ്പീരാണെങ്കിൽ പോലും ഈ പ്രവണത വീണ്ടും വീണ്ടും വർദ്ധിക്കുന്നെങ്കിൽ ഉളിപ്പില്ലായ്മ ഒരലങ്കാരമായ് മാറി എന്ന് വേണം കരുതാൻ ... ;)

    ReplyDelete
  6. ബ്ലോഗിനെ മറക്കാതിരിക്കാൻ ചില ശ്രമങ്ങൾ നല്ലതാണ്.

    ഒരു പക്ഷേ മാധ്യമങ്ങളെ നവ മാധ്യമങ്ങൾ വഴി തെറ്റിച്ചെന്ന് പറയേണ്ടി വരും ..

    ആർക്കും ഒരു ചെറിയ എഡിറ്റിങ്ങോട് കൂടി ആടിനെ പട്ടിയാക്കാൻ പറ്റുന്ന കാലം ..

    വെറുപ്പീരാണെങ്കിൽ പോലും ഈ പ്രവണത വീണ്ടും വീണ്ടും വർദ്ധിക്കുന്നെങ്കിൽ ഉളിപ്പില്ലായ്മ ഒരലങ്കാരമായ് മാറി എന്ന് വേണം കരുതാൻ ... ;)

    ReplyDelete
    Replies
    1. വെറുപ്പീരാണെങ്കിൽ പോലും ഈ പ്രവണത വീണ്ടും വീണ്ടും വർദ്ധിക്കുന്നെങ്കിൽ ഉളിപ്പില്ലായ്മ ഒരലങ്കാരമായ് മാറി എന്ന് വേണം കരുതാൻ ... ;)സത്യം ജിമ്മിച്ചോ

      Delete
  7. സ്വന്തം കണ്ണുകളെപ്പോലും വിശ്വൊസിക്കാൻ സാധിക്കാത്ത ഒരു വല്ലാത്ത കാലം

    കാണുന്നതും കേൾക്കുന്നതും പറയുന്നതും പ്രവർത്തിക്കുന്നതും എല്ലാം ""പൊളി""
    സത്യവും അസത്യവും ഇതര സാൻങ്കേതിക വിദ്യ ഉപയോഗിച്ച്‌ കണ്ടെത്തേണ്ട അവസ്ഥ..
    ഈ അവസരത്തിൽ പഴയ ഒരു പദ്യം ഒന്ന് തലതിരിച്ച്‌ പാടാനാ തോന്നുന്നത്‌..!!

    ""സത്യവുമില്ലാാ.. നീീതിയുമില്ലാാ..
    എൾളോളമില്ലാാ.. സത് വജനം..
    കാണുവതും ഇന്ന് കേൾക്കുമതും..
    എല്ലാാമേ വെറും പൊളി വജനം..""

    ReplyDelete
    Replies
    1. തല തിരിഞ്ഞ ലോകത്തെ തല തിരിഞ്ഞ പദ്യം :) നന്ദി ഫിറോസ്‌

      Delete
  8. വിവരസാങ്കേതികവിദ്യ അഭൂതപൂർവ്വമായ വളർച്ച നേടിയ ഈ കാലഘട്ടമാണ് വിവരക്കേട് വിഴുങ്ങാതിരിക്കാനായി ഏറെ ജാഗ്രത ആവശ്യമായ സന്ദർഭങ്ങൾ സൃഷ്ടിക്കുന്നത് എന്നത് ഒരു വിരോധാഭാസമാണ്. സ്വാർത്ഥലക്ഷ്യങ്ങളുമായി സത്യത്തെ തലതിരിച്ചിടാൻ കച്ചകെട്ടിയ ഒരു വിഭാഗത്തെ സ്വന്തം പാളയത്തിൽ ചെല്ലും ചെലവും കൊടുത്ത് നിലനിർത്തുന്നവരാണ് സാധാരണക്കാരന്റെ ജീവിതത്തെ 'വികസിപ്പിക്കാൻ' പ്രതിജ്ഞയെടുത്തവരെല്ലാം :(

    ഏത് വാർത്തയും ഒന്ന് തണുപ്പിക്കാൻ വെച്ച ശേഷം മാത്രമേ തള്ളുകയോ കൊള്ളുകയോ ചെയ്യാവൂ എന്ന് ഉദാഹരണസഹിതം തെര്യപ്പെടുത്തുന്ന ഈ കുറിപ്പ് അവസരോചിതം.

    നന്ദി ഫൈസൽ.

    ReplyDelete
    Replies
    1. അതെ ചാടിക്കയറി അഭിപ്രായിക്കുന്നതില്‍ ഒരല്‍പം ജാഗ്രത പുലര്‍ത്താം ഇനി

      Delete
  9. ദീപസ്തംഭം മഹാശ്ചര്യം!! ;)

    ReplyDelete
  10. കണ്ട നീ അവിടെ നില്ല്,കേട്ട ഞാൻ പറയാം എന്ന രീതിയിലുള്ള്‌ മാധ്യമപ്രവർത്തനം കണ്ടുപഠിച്ചവരെല്ലാം സ്വന്തമായി വാർത്തയുണ്ടാക്കുന്നു.


    എന്തായാലും ഫൈസലിക്ക ഒരു പോസ്റ്റ്‌ ഇട്ടല്ലോ!!സന്തോഷം!!!

    ReplyDelete
    Replies
    1. ബ്ലോഗിനോടുള്ള ഈ വല്ലാത്ത പ്രണയം കാണുമ്പോള്‍ ഒരു പാട് സന്തോഷം സുധി

      Delete
  11. സോഷ്യല്‍ മീഡിയകള്‍ ഇങ്ങനെ ദുരുപയോഗം ചെയ്യുന്നതിനെതിരെ കര്‍ശനമായ നിയമനിര്‍മ്മാണം ഉണ്ടാകേണ്ടതാണ്.

    ReplyDelete
    Replies
    1. പൂര്‍ണ്ണമായും ഒരു നിയന്ത്രണം സാധ്യമാവുമോ ?

      Delete
  12. പറഞ്ഞതെല്ലാം ശരിയാണ്. പൂർണമായും ആണോ ചോദിച്ചാൽ അല്ല. കാരണം പലപ്പോഴും പടം അൽപ്പം മാറ്റം വരുത്തിയത് ആണെങ്കിലും അവരുടെ സ്വഭാവം അത് തന്നെ. അത് കാണിക്കാൻ ആ പടം പ്രയോജനപ്പെടും. അതൊക്കെ അതേ മാനസികാവസ്ഥയിൽ എടുത്താൽ മതി. പിന്നെ എല്ലാവരെയും കളിയാക്കാൻ ഉള്ള ട്രോൾ ആണല്ലോ ഈ സംഭവം. സോഷ്യൽ മീഡിയയിൽ ആണല്ലോ ഇതെല്ലാം വരുന്നത്. ജനനങ്ങൾ ഇതൊക്കെ ചിന്തിക്കേണ്ടി ഇരിക്കുന്നു.

    ഇതുള്ളത് കൊണ്ട് വലിയ ഗുണം ഉണ്ട്. പറഞ്ഞു വായിൽ നാക്കിടുന്നതിനു മുൻപ് അങ്ങിനെ പറഞ്ഞില്ല എന്ന് പറയുന്ന രാഷ്ട്രീയ കോമരങ്ങൾ ഉണ്ടല്ലോ. അവർക്ക് തെളിവായി ഇതുള്ളത് നല്ലതാണ്. അച്ചുതാനന്ദൻ തെമ്മാടിത്തരം എന്ന് പറഞ്ഞ കാര്യം അങ്ങേരു പറഞ്ഞത് തന്നെ എന്ന് തെളിയിച്ചില്ലേ?

    പിന്നെ പത്രങ്ങൾ. അവ നിയമ പ്രകാരം ലൈസൻസ് നേടിയവയാണ്. അവയ്ക്ക് ചില ഉത്തരവാദിത്വം ഉണ്ട്. അത് ലംഘിച്ചാൽ നടപടി എടുക്കണം. എങ്ങിനെ എടുക്കും? മാധ്യമം കാണിച്ചാൽ മുസ്ലിം ഗ്രൂപ്പ് കൂടെ നിൽക്കും. ദേശാഭിമാനി കാണിച്ചാൽ മാർക്സിസ്റ്റ് അണികളും. അതാണ്‌ ഇവിടത്തെ പ്രശ്നം. സത്യം കാണാനോ നിയമപരമായി പ്രവർത്തിക്കാനോ നമുക്ക് താൽപ്പര്യമില്ല. ജാതി,മത, രാഷ്ട്രീയ വിശ്വാസങ്ങളുടെ പുറകെ അന്ധമായി പോവുകയാണ് നമ്മൾ. അതാണ്‌ ഇതൊക്കെ സംഭവിക്കുന്നത്‌.

    ഇതൊക്കെ തെരഞ്ഞെടുപ്പ് വരുമ്പോൾ ആണ് കൂടുതൽ കാണുന്നത്. ഇപ്പോഴും യഥാർത്ഥ പ്രശ്നം അല്ലല്ലോ ജനങ്ങൾ കാണുന്നത്. വെള്ളമില്ല. നാട് വരണ്ടു കിടക്കുന്നു. ചൂട് അസഹനീയം. ഇതിന് ഭരിച്ചവർ എന്ത് ചെയ്തു എന്ന് ചോദിക്കാൻ നമുക്ക് കഴിയില്ല. കാരണം നമ്മൾ ഒന്നുകിൽ എൽ.ഡി.എഫ് . അല്ലെങ്കിൽ യു.ഡി.എഫ്. പിന്നെ ആരോട് ചോദിക്കും? അതാണ്‌ നമ്മുടെ ദുരന്തം

    ReplyDelete
    Replies
    1. ശരിയാണ് നമുക്ക് ഇതൊന്നും ഒരു ചര്‍ച്ചയെ ആവുന്നില്ല

      Delete
  13. വല്ലത്ത മനുഷ്യരും വല്ലാത്ത കാലവും തന്നെ, ഈ ദുരുപയോഗങ്ങള് തടയാ൯ മാ൪ഗ്ഗമില്ലാത്ത കാലത്ത് ഈ എഴുത്ത് ഉപകാരപ്രദമാണ്....

    ReplyDelete
  14. കലികാലം തന്നെ

    ReplyDelete
  15. ഒന്നും വിശ്വസിച്ച് പ്രതികരിയ്ക്കാൻ പറ്റില്ല. കലികാലം തന്നെ....!

    ReplyDelete
  16. അഴീക്കോട്‌ സ്ഥാനാർത്ഥിയെ പറഞ്ഞ സ്ഥലത്ത് കൊടുത്ത ചിത്രത്തിന്റെ താഴെകൊടുത്ത അടിക്കുറിപ്പ് ഒഴിവാക്കാമായിരുന്നു.

    സോഷ്യൽ മീഡിയയിലെ പരിഹാസത്തെ കുറിച്ച് പറഞ്ഞ ഇതും ഒരു പരിഹാസമായിപ്പോയി....

    ReplyDelete
  17. വാസ്ഥവം എന്താണെന്ന് അറിയാതെ പ്രചരിക്കുന്ന ചില വാര്‍ത്തകളുടെ സത്യാവസ്ഥ തേടി ഒരു ചെറിയ അന്വേഷണമാണ് ഈ കുറിപ്പ്...

    രസകമായ ഇത്തരം കുറിപ്പുകൾ ഇനിയും വരട്ടെ..

    ReplyDelete
  18. വാസ്ഥവം എന്താണെന്ന് അറിയാതെ പ്രചരിക്കുന്ന ചില വാര്‍ത്തകളുടെ സത്യാവസ്ഥ തേടി ഒരു ചെറിയ അന്വേഷണമാണ് ഈ കുറിപ്പ്...

    രസകമായ ഇത്തരം കുറിപ്പുകൾ ഇനിയും വരട്ടെ..

    ReplyDelete
  19. വളരെ നന്നായി ഇങ്ങനെ ഒരു പോസ്റ്റ്‌ - ചില കാര്യങ്ങളെങ്കിലും സത്യാവസ്ഥ അറിയാലോ - ഓരോരുത്തരുടെ കാര്യങ്ങൾ കാണുമ്പോൾ വെറുപ്പാണ് വരുന്നട്ത്. ഇങ്ങനെയുള്ള കാര്യങ്ങൾ ആരെങ്കിലും തുറന്നു കാട്ടണം --- ആരും മെനക്കെടാൻ നില്ക്കില്ല എന്നതാണ് ഇത്തരം പോസ്റ്റ്‌ ഉണ്ടാക്കുന്നവരുടെ വിജയം... കഷ്ടം തന്നെ.
    (ദീനി പോസ്ടുകലാണ് 90% വും )

    ReplyDelete
  20. പറ്റിക്കല്സ് ഒരു കലയാക്കി മാറ്റിയവന്‍ ആണ് മലയാളി..

    ReplyDelete
  21. ബ്ലോഗ് നോക്കിയ കാലം മറന്നു.

    ReplyDelete
  22. ബ്ലോഗ് നോക്കിയ കാലം മറന്നു.

    ReplyDelete
  23. ഇതിപ്പോൾ വന്നു വന്ന് ഓരോ വാർത്ത‍കളും സത്യമാണോ അതോ വെറുതെ ചമച്ചുണ്ടാക്കുന്നതോ രാഷ്ട്രീയമായ മുതലെടുപ്പോ എന്തെന്ന് തിരിച്ചറിയാനാകാതെ പാവം പൊതുജനങ്ങൾ. ഇത്തരം വാർത്തകളുടെ
    നിജസ്ഥിതി അറിയാനുള്ള ഈ ശ്രമത്തെ അഭിനന്ദിക്കുന്നു.

    ReplyDelete
  24. ഒരു വാര്‍ത്തയും വിശ്വസിക്കാന്‍ വയ്യാതായിരിക്കുന്നു. ഈ പോസ്റ്റ് നന്നായി ഫൈസല്‍...

    ReplyDelete
  25. This comment has been removed by the author.

    ReplyDelete
  26. വാര്‍ത്തകള്‍ ഉണ്ടാവുന്നതും,ഉണ്ടാക്കുന്നതും..
    വായിക്കുന്നവന്‍റെ അല്ലെങ്കില്‍ കേള്‍ക്കുന്നവന്‍റെ ആകാംക്ഷയെ ത്വരിതപ്പെടുത്താന്‍ തരത്തിലുള്ളതൂം.....
    സ്വാര്‍ത്ഥതാല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തത്ത്വദീക്ഷയില്ലാതെ എന്തു നുണയും വിളിച്ചോതാന്‍ ഉളുപ്പില്ലാത്ത കാലം!
    ഇതിങ്ങനെ തുടര്‍ന്നാല്‍ ജനം വിശ്വാസത്തില്‍ എടുക്കാത്ത അവസ്ഥ വരും.ഇപ്പോള്‍ ഒരു മരണവാര്‍ത്ത കാണുമ്പോള്‍പ്പോലും മനസ്സ്‌ പ്രതികരിക്കുന്നത് നിസ്സംഗതയോടെയാണ്!കാരണം 'ചുമ്മാ'എന്ന തോന്നല്‍‌.....................
    ഫൈസല്‍ സാര്‍ പറഞ്ഞപോലെ "പുലി വരുന്നേ,പുലി വരുന്നേ" എന്നു സദാ വിളിച്ച് ജനത്തെ പറ്റിച്ചവന് പറ്റിയപോലാകും ഒടുവില്‍....
    ആശംസകള്‍

    ReplyDelete
  27. ഇലക്ഷന്‍ കാലമല്ലേ .വ്യാജ വാര്ത്തകലുടെ കുത്തൊഴുക്കാണ്.എങ്ങിനെയും ജയിക്കാനുള്ള ശ്രമങ്ങള്‍. ഇനിയും തുടരും

    ReplyDelete
  28. ഗീർ വാണങ്ങളെ പോലെ
    എട്ട് നിലയിൽ പൊട്ടുന്ന അമിട്ടും
    കുറ്റികളാൽ സമ്പന്നമാണ് ഇന്ന് ഇ - ലോകം...!

    നാട്ടിൽ വെടിക്കെട്ട് നിരോധിച്ചാലും മലയാളികൾക്കിനി ദു:ഖം വേണ്ട
    സാക്ഷാൽ കൂട്ടപ്പൊരിയെ പോലും വെല്ലുന്നവ സോഷ്യൽ മീഡിയ കളിൽ കാണാം

    ReplyDelete
  29. #Hoodedമല്ലുMay 4, 2016 at 11:42 AM

    ഇന്ന് ആർക്കും സത്യാവസ്ഥ അറിയണ്ട ചുമ്മാ അറിയുന്നത് സത്യമാണെന്ന് കരുതിയ മതി !!!

    ReplyDelete
  30. ഈ സമകാലിക പ്രതികരണം നന്നായി

    ReplyDelete
  31. നല്ലൊരു പോസ്റ്റ് മാഷേ.

    ശരിയാണ്. പല ന്യൂസുകളും ശരിയോ തെറ്റോ എന്ന് നോക്കാതെ കമന്റു ചെയ്തു ഷെയറു ചെയ്തും അയച്ച് അയച്ച് അനാവശ്യമാക്കി തെറ്റിദ്ധാരണ പരത്തുന്നുണ്ട്.

    ReplyDelete
    Replies
    1. താങ്കളുടെ സത്യങ്ങൾ പുറത്തു കൊണ്ടു വരാനുള്ള ശ്രമം അഭിനന്ദനം അർഹിക്കുന്നു . എല്ലാം ശരിയാണു പക്ഷെ ദിവസങ്ങൾ കഴിയും തോറും എല്ലാം നിയന്ത്രണാതീതമായി കൊണ്ടെ ഇരിക്കുന്നു . നിങ്ങളെ പോലെയുള്ള ചെറുപ്പക്കാർ ഇനിയും ഉണ്ടാകട്ടെ എന്നു പ്രത്യാശിക്കുന്നു .ആശംസകൾ.......

      Delete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.