ഊര്‍ക്കടവിലെ പ്രളയോര്‍മ്മകള്‍ !.


മഴ !! അത് തുള്ളിക്കൊരു കുടംപോലെ പെയ്തുകൊണ്ടിരുന്നു. അസാധാരണമാം വിധം കലിതുള്ളിയൊഴുകുകയാണ് ചാലിയാര്‍ . പുറത്തെ അടുക്കള വാതില്‍ തുറന്നാല്‍ കാണുന്ന ശാന്തമായ പുഴക്ക് പകരം ചെഞ്ചായ മണിഞ്ഞു രൌദ്ര ഭാവം പൂണ്ട് വന്മരങ്ങളും, മലകളും  പേറിയാണ് ഒഴുക്ക്. "എന്തോ എവിടെയോ സംഭവിച്ചിട്ടുണ്ട് അല്ലാതെ ഇങ്ങിനെ കുത്തിയൊലിച്ച് പോവില്ല,, വെള്ളം നല്ല ഏറ്റമാണ് നീ ഒരു അടയാളം വെക്ക് കേറുന്നത്തിന്‍റെ വേഗം മനസ്സിലാവും". ഉമ്മയുടെ ആധിയാണ്.


ഒരു കമ്പ് കുത്തിവെച്ചു അര മണിക്കൂര്‍ കൊണ്ട് അത് മൂടി. ഇന്നു രാത്രിയാണ് അവധി കഴിഞ്ഞു തിരികെ പോവേണ്ടത്.അതിനിടയില്‍ ആരോ പറഞ്ഞു എടവണ്ണപ്പാറ-കോഴിക്കോട് പാതയില്‍ വാഴക്കാട് മുഴുവനായി വെള്ളം മൂടിയിരിക്കുന്നു.ഇക്കാന്‍റെ മോനെയും കൂട്ടി വാഴക്കാട് വരെ പോയി നോക്കി. അതി വേഗത്തിലാണ് പ്രളയം കയറിവരുന്നത്. തിരികെ വീട്ടിലെത്തി,മക്കളൊക്കെ ഒരവധി കിട്ടിയ ആവേശത്തിലാണ്. ഒന്നര വയസ്സുകാരി പിറകെ നിന്നും അബ്ബ , അബ്ബ എന്നും വിളിച്ചു എന്നും ഇല്ലാത്ത വിധം വല്ലാതെ ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നു. അവളോട്‌ ഒന്ന് അടുത്തു വരുമ്പോഴേക്കും വീണ്ടും അകലാന്‍ പോവുകയാണ്. ഓരോ പ്രവാസിയുടെയും വലിയ നഷ്ടങ്ങളിലൊന്ന് ...


സമയം അതി വേഗം കടന്നു പോയി,അതിനിടയില്‍ അങ്ങാടിയിലേക്ക് ഒന്ന് പോയി നോക്കി.പാലം സുരക്ഷാ കാരണങ്ങളാല്‍ ട്രോമ കെയര്‍ വളണ്ടിയര്‍മാരും പോലീസും നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. നാട്ടിലെ എറിസ്കോ ക്ലബ് പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരുമെല്ലാം എന്തിനും തയ്യാറായി അവിടെയിവിടെ നില്‍ക്കുന്നുണ്ട്.എങ്കിലും സമാധാനത്തോടെയുള്ള ഒരു തിരിച്ചു പോക്ക് അസാധ്യാമാണ്.


പുറം ലോകവുമായി തീരദേശത്തുള്ള ഓരോ ഗ്രാമവും ഒറ്റപ്പെട്ടു കൊണ്ടിരിക്കുകയാണ്. വൈദ്യതി നിലച്ചു. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ ഓരോന്നായി തകരാറിലായി. രാത്രി രണ്ടു മണിക്ക് എയര്‍പോര്‍ട്ടിലെത്തണം. ഒരല്‍പ്പം കിടക്കാന്‍ നോക്കിയെങ്കിലും ഉറക്കം വന്നില്ല ഇടക്ക് പുറത്തിറങ്ങി പുഴയിലേക്ക് ടോര്‍ച്ച ടിച്ചു നോക്കി. വീടിനടുത്തേക്ക് കയറാന്‍ ഇനി ഏതാനും മീറ്ററുകള്‍ മാത്രം. യാത്രക്ക് റെഡിയായി മുറ്റത്തേക്ക് ഇറങ്ങി,റോഡില്‍ നിന്നും ആരുടെയോക്കെയോ സംസാരം, അയല്‍ വീട്ടില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കുകയാണ്. ഉറക്കമില്ലാതെ |ഒരു കൂട്ടം ചെറുപ്പക്കാര്‍.നിങ്ങള്‍ ധൈര്യാമായി പൊയ്ക്കോളൂ എന്തു വന്നാലും ഞങ്ങളൊക്കെയില്ലേ ഇവിടെ, യാത്ര മുടക്കണ്ട. അവര്‍ തന്ന ആത്മ വിശ്വാസം ചെറുതായിരുന്നില്ല.

മക്കള്‍ നല്ല ഉറക്കമാണ്.മോള്‍ തൊട്ടിലയില്‍ കിടക്കുന്നു.ഉറക്കമുണര്‍ത്താതെ ഒരു മുത്തം കൊടുത്തു.ഈ അവസ്ഥയില്‍ നീ പോയാല്‍ എങ്ങനെയാ എന്ന് ഉമ്മയും പറയാതെ പറയുന്നു.പ്രിയതമയും എല്ലാം ഉള്ളിലൊതുക്കി ഒരു നെടുവീര്‍പ്പോടെ യാത്രയാക്കി.മഴ അപ്പോഴും ഒട്ടും കുറയാതെ പെയ്തുകൊണ്ടിരിക്കുന്നു, എയര്‍ പോര്‍ട്ടില്‍ നിന്നും ന്യൂസ് അപ്ടെറ്റുകള്‍ കണ്ടപ്പോഴാണ് സംഗതിയുടെ ഗൌരവം മനസ്സിലായത്. കവളപ്പാറയിലും പുത്തുമലയിലും നടന്ന വന്‍ അപകടങ്ങള്‍ നടന്നിട്ടുണ്ട് . നിര്ത്താ‍തെ പെയ്യുന്ന പേമാരി.മനസ്സു കൊണ്ട് ആയിരം വട്ടം ആഗ്രഹിച്ചു. തിരകെ പോയാലോ എന്ന്. ഇമിഗ്രേഷന്‍ കഴിഞ്ഞു വിമാനത്തിനായി കാത്തിരിക്കുമ്പോഴാണ്‌ മഴ കാരണം സമയം വൈകുമെന്നുള്ള അറിയിപ്പ് ..കുറച്ചു കഴിഞ്ഞപ്പോള്‍ വിമാനം ക്യാന്‍സല്‍ ആയ വിവരവും. ഒന്നുകില്‍ ഹോട്ടലിലേക്ക് മാറാം. അല്ലങ്കില്‍ അവര്‍ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റി തരും. ഒന്നും ആലോചിച്ചില്ല രണ്ടാമത്തേത് തിരഞ്ഞെടുത്തു.

എയര്‍പോര്‍ട്ടിലേക്ക് പോവുമ്പോഴുള്ള അവസ്ഥയായിരുന്നില്ല തിരികെ വരുമ്പോള്‍.ഗ്രാമത്തിലേക്കുള്ള വഴികള്‍ ഒന്നുകൂടി ചുരുങ്ങി. വെള്ളം റോഡില്‍ കൂടി കയറി വീടിന്‍റെ ഗെയ്റ്റ് വരെ എത്തിയിരിക്കുന്നു,വീട്ടുകാരെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റി.
ഞാനും ഇക്കയും ഇക്കാന്‍റെ മോനും മാത്രം വീട്ടില്‍ നിന്നു. പിന്നീട് സാവധാനം അത്യാവശ്യ സാധനങ്ങളെല്ലാം മുകളിലേക്ക് മാറ്റി.


എവിടെയെക്കെയോ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്,ബി എസ് എന്‍ എല്‍ മാത്രം നിശ്ചലമായില്ല, തീർത്തും ഒറ്റപ്പെട്ട പോലെ.പ്രളയം ഇരച്ചു കയറിയപ്പോള്‍ ഒട്ടുമിക്കവരും ക്യാമ്പുകളിലേക്കും ബന്ധുവീട്ടിലേക്കും മാറി തുടങ്ങി.സദാ സഹായവുമായി കൈമെയ് മറന്നു എല്ലാവരും ഒറ്റക്കെട്ടായി രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഉറക്കമില്ലാതെ നാടിന്‍റെ കാവല്‍ക്കാരായി ഒന്നിച്ചു പ്രളയത്തെ നേരിടുന്ന മാനവിക കാഴ്ച. നാട്ടിന്‍ പുറത്തിന്‍റെ നന്മ..

നാട്ടില്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നുമില്ലാതെ ചാലിയാര്‍ കലിയടക്കിയെങ്കിലും പ്രളയാനന്തരം ഗ്രാമ കാഴ്ച മറ്റെവിടെയും പോലെ ദയനീയമായിരുന്നു. വീടുകള്‍ വൃത്തിയാക്കുവാനും , പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തിക്കാനും ക്ലബ് പ്രവര്‍ത്തകരും മറ്റു സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും അര്‍പ്പിച്ച സേവനം അവിസ്മരണീയമായിരുന്നു.


മറ്റെവിടെയും പോലെ പ്രളയാനന്തരം ഊര്‍ക്കടവിലേക്കും കരുണവറ്റാത്ത ഒരു കൂട്ടം നന്മവറ്റാത്ത ചെറുപ്പക്കാരുടെ സഹായം ഒഴുകിയെത്തി , സ്കൂള്‍ കുട്ടികള്‍ മുതല്‍ അധ്യാപകര്‍ വരെ എവടെനിന്നോ വരുന്നു. ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ അഹോരാത്രം സേവനത്തില്‍ മുഴുകുന്നു.സ്നേഹം, ദയ അനുകമ്പ അങ്ങിനെ സര്‍വ്വ വികാരവും ഒന്നിക്കുന്ന ,രാഷ്ട്രീയവും മതങ്ങളും തീര്‍ക്കുന്ന കെട്ടുപാടുകളെ കുറച്ചു ദിവസങ്ങളിലേക്കെങ്കിലും മാറ്റി നിര്‍ത്തി മനുഷ്യന്‍ എന്ന ഒറ്റ പദത്തിലേക്ക് വിശാലമായി വികസിക്കുന്ന കാഴ്ച്ച, ഇപ്പോഴും തുടരുന്ന സഹായഹസ്ഥങ്ങള്‍ !!.


പ്രളയം, അതൊരു അനുഭവമാണ്. മനുഷ്യന്‍റെ നിസ്സഹായതയെ, നിസ്സാരതയെ അനുഭവിപ്പിച്ചു ബോധ്യപ്പെടുത്തിത്തരുന്ന സന്ദർഭം. എല്ലാ ഉച്ചനീചത്വങ്ങളും മതജാതിമത വർഗ്ഗവർണ്ണ ചിന്തകളും മനുഷ്യനെന്ന ഏക മാനദണ്ഡത്തിലേക്ക് വഴി മാറുന്ന അവസ്ഥ. മനുഷ്യർ പരസ്പരം താങ്ങും തണലുമാകുന്നത് അങ്ങിനെയാണ്. അവിടെ നിന്നാണ് നന്മമരങ്ങൾ മുള പൊട്ടുന്നതും. കഴിഞ്ഞ വർഷം വടക്കു നിന്ന് തെക്കോട്ട് ഒഴുകിയ സ്നേഹം ഈ വർഷം പതിന്മടങ്ങായിയി തിരിച്ചൊഴുകി. നാം അതിജീവിക്കും ഓരോ പ്രളയവും, കാരണം ഇത് കേരളമാണ്, ദൈവത്തിന്‍റെ സ്വന്തം നാട്.









(1962 ല്‍ നമ്മുടെ നാട്ടിലിതു പോലെ ഒരു പ്രളയം ഉണ്ടായിരുന്നു. ഓരോ പ്രളയം വരുമ്പോഴും പഴമക്കാര്‍ പറയും അറുപത്തിയോന്നിലെ വെള്ളത്തിന്‍റെ ദുരിതകാഴ്ചകളെ കുറിച്ച്.അതെല്ലാം അടയാളപ്പെടുത്തി വെക്കാന്‍ ഇന്നത്തെ പോലെ ഡിജിറ്റല്‍ സംവിധാനമില്ലാത്തതിനാല്‍ ഞാനടക്കമുള്ള ഇന്നത്തെ തലമുറക്ക് അത് വെറും പഴങ്കഥകളാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം 2019 ലെ പ്രളയത്തെ കുറിച്ചുള്ള ഒരു ഓര്‍ത്തു വെക്കല്‍ മാത്രമാണ് ഈ കുറിപ്പ് )

5 comments:

  1. പ്രവാസിയുടെ പ്രളയാനുഭവങ്ങൾ, അതിലുപരി ഇനിയും ചോർന്നു പോവാത്ത നാടിന്റെ നന്മകൾ എല്ലാം ഒന്നു കൂടെ ഓർമ്മപ്പെടുത്തി

    ReplyDelete
  2. അറുപത്തൊന്നിലെ പ്രളയത്തെക്കുറിച്ച് കേട്ടറിവേയുള്ളു നിങ്ങൾക്കെങ്കിലും അനുഭവച്ചറിഞ്ഞ നേരിയ ഓർമ്മകൾ എന്റെ മനസ്സിൽ ഇന്നും മായാതെ കിടപ്പുണ്ട്.

    അന്നെനിക്ക് അഞ്ചാറു വയസ്സു കാണും. ഞങ്ങളുടെ വീട്ടിലെത്തിയില്ല വെള്ളം. താഴെയുള്ള പറമ്പിൽ കയറിയിരുന്നു. അന്ന് ജീവിക്കാൻ ഒരു മാർഗ്ഗവുമില്ലാത്ത കാലമെന്നു പറയാം. കൂലിപ്പണിയൊന്നും കിട്ടില്ല. അരിയില്ലന്ന് മാത്രമല്ല, ഭക്ഷണത്തിന് ഒരു വകയില്ല. താഴെപ്പാടത്ത് മരച്ചീനിയുണ്ടെങ്കിലും വെള്ളം കയറിക്കിടക്കുന്നു. മരച്ചീനിയായിരുന്നു അക്കാലത്ത് പാവപ്പെട്ടവന്റെ പട്ടിണി മാറ്റിയിരുന്നത്. സർക്കാർ നിസ്സഹായരായിപ്പോയ സന്ദർഭത്തിൽ പള്ളിക്കാർ ഉണർന്നു. അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത ഗോതമ്പരിയും, ചോളപ്പൊടിയും പാൽപ്പൊടിയുമായി പള്ളിയിലെ അച്ചൻ ഒരു വലിയ വള്ളത്തിൽ ഞങ്ങളുടെ താഴെ പാടത്ത് എത്തി. ആളുകൾ വിളിച്ചുകൂവി വിവരം അറിയിച്ചു.ഞങ്ങളോടിച്ചെന്നപ്പോൾ കൗപ്പനുമായി- റേഷൻ കാർഡ് - വന്നാലെ കിട്ടൂള്ളുവത്രെ. തിരിച്ചോടി കൗപ്പനുമായി നീന്തിച്ചെന്ന് കഴുത്തൊപ്പം വെള്ളത്തിൽ നിന്ന് ഓരോന്നായി വാങ്ങി പറമ്പിൽനിൽക്കുന്ന അമ്മയുടെ കയ്യിൽ കൊടുക്കും. അങ്ങനെ മൂന്നാലു പ്രാവശ്യം കൊണ്ടാണ് അഞ്ചാറു വയസ്സുള്ള ഞാൻ, ഗോതമ്പരി, ചോളപ്പൊടി, പാൽപ്പൊടി, ആട്ട, പിന്നെ ഡാൽഡ മുതലായവ കരക്കെത്തിച്ചത്.

    പക്ഷേ, ഈ സാധനങ്ങളിൽ ആട്ടയൊഴിച്ച് മറ്റൊന്നും സാധാരണക്കാർക്ക് കിട്ടുന്നതോ കണ്ടിട്ടുള്ളതോ ആയിരുന്നില്ല. അതു കൊണ്ട് തന്നെ ചോളപ്പൊടി എങ്ങനെ ഭക്ഷണമാക്കി മാറ്റാമെന്ന് ഗ്രാമീണർക്ക് അറിയുമായിരുന്നില്ല. ഗോതമ്പരി കഞ്ഞിവച്ചു കുടിച്ചു. ഇങ്ങനെയുള്ള ചില ഓർമ്മകൾ ഇപ്പോഴും മനസ്സിലുണ്ട്. അന്നത്തേക്കാൾ വെള്ളം ഇന്ന് കയറിയിരുന്നു. പക്ഷേ അതെല്ലാം തനതു നീരൊഴുക്കു സംവിധാനങ്ങൾ അടഞ്ഞു പോയതുകൊണ്ടായിരുന്നു. നന്ദി...

    ReplyDelete
  3. മഴയെന്ന് കേൾക്കുമ്പോൾ വരുന്ന കുളിരുന്ന ഓർമ്മകളൊന്നും ഇപ്പോൾ നമുക്കില്ല.പകരം ഭീതിതമായ ഓർമ്മകൾ മാത്രം.

    ReplyDelete
  4. Athe sudhi parayunnapole mazhayennu kettal bhayamanu. Iniyulla Oro varshatheyum mazhakkalathe Keralam bhayappadodeyanu kanunnathu.

    ReplyDelete
  5. ഓർക്കക്കടവിലെ പ്രളയ
    ദുരിതങ്ങൾ ഞാനിപ്പോഴാണ് വായിക്കുന്നത് ഭായ് .
    എന്തോ എന്റെ ഡാഷ് ബോർഡിൽ നിന്നും ഭായിയുടെ ലിങ്ക് ചാടിപ്പോയിരിക്കുകയായിരുന്നു ...!

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.