അരീക്കോടന്‍ മാഷുമൊത്തൊരു അര നാഴിക നേരം.!!



ബൂലോകത്തെ പ്രശസ്തരായവരുടെ ബ്ലോഗുകള്‍ വായന തുടങ്ങി പിന്നെ സ്വന്തമായി ഒരു ബ്ലോഗു മുതലാളിയായതില്‍ രണ്ടു വര്‍ഷം പിന്നിട്ടു. എങ്കിലും വളരെ കുറച്ചു പേരെ മാത്രമേ നേരില്‍ കാണാന്‍ ഭാഗ്യം കിട്ടിയിട്ടുള്ളൂ. ആഴ്ച തോറും ഇറങ്ങുന്ന പ്രതിവാര കുറിപ്പുകളും, പിന്നെ സമയം കിട്ടുമ്പോഴോക്കെ ആനുകാലിക വിഷയങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് വായനക്കാര്‍ക്ക് സമ്മാനിക്കുകയും ചെയ്യുന്ന  അരീക്കോടന്‍ മാഷിനെ  വളരെ യാദ്രിശ്ചികമായാണ് ഒരു അവധിക്കാലത്ത് നേരില്‍ കാണാന്‍ ഭാഗ്യം ലഭിച്ചത്. ആ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാത്തതായിരുന്നു. അതിനേക്കാള്‍ വലിയ സന്തോഷമായിരുന്നു മാഷിനെ മഴവില്‍ മാഗസിന്  വേണ്ടി പരിചയപ്പെടുത്താന്‍ കിട്ടിയ അവസരം. 


2006 മുതല്‍  ബൂലോകത്ത്‌ സജീവമാണ് അരീക്കോടന്‍ മാഷ്‌.'മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍' എന്ന ബ്ലോഗില്‍ക്കൂടി ശ്രദ്ധേയനായ മാഷ്‌  600 ലധികം പോസ്റ്റുകളുമായി ബൂലോകത്ത് സജീവമായി രംഗത്തുണ്ട്. കൂടുതലും സമകാലിക സംഭവങ്ങളും, നിത്യജീവിതത്തിലെ ചെറിയ ചെറിയ അനുഭവങ്ങളും ആക്ഷേപഹാസ്യത്തില്‍ക്കൂടി പറയുന്നതാണ്  ഈ ബ്ലോഗിലെ ശൈലി. 2006 ല്‍ കേരളത്തില്‍ നിന്നുള്ള ബ്ലോഗര്‍മാര്‍ക്ക്  കൂടുതല്‍ പ്രോല്‍സാഹനവും പ്രചാരവും  നല്‍കാനായി ബ്ലോഗ്‌ അക്കാഡമി എന്ന ബ്ലോഗേഴ്‌സ് ഗ്രൂപ്പ് നടത്തുകയും ധാരാളം ബ്ലോഗ്‌ ശില്പശാലകള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മോബ് ചാനല്‍.കോമിന്റെ ബെസ്റ്റ് ബ്ലോഗര്‍ അവാര്‍ഡ് 2007,  സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ കേരളത്തിലെ ഏറ്റവും നല്ല എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ 2012-13, കേരളസംസ്ഥാനത്തെ ഏറ്റവും നല്ല എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ 2012-13 (സംസ്ഥാന ഗവണ്മെന്റ് അവാര്‍ഡ്), ബെസ്റ്റ് ബ്ലഡ് ഡൊണേഷന്‍ മോട്ടിവേറ്റര്‍ അവാര്‍ഡ് 2012 (തെര്‍മോ പെന്‍പോള്‍ ലിമിറ്റഡ്), കേരളാ എയ്‌ഡ്‌സ്  കണ്‍‌ട്രോള്‍ സൊസൈറ്റിയുടെ ബെസ്റ്റ് ബ്ലഡ് ഡൊണേഷന്‍ മോട്ടിവേട്ടര്‍ അവാര്‍ഡ് 2012 എന്നീ പുരസ്കാരങ്ങള്‍ അരീക്കോടന്‍ മാഷിനെ തേടിയെത്തി . 


കോഴിക്കോട്  ഗവ: എഞ്ചിനീയറിംഗ്  കോളേജില്‍  ജോലി ചെയ്തുവരുന്ന അരീക്കോടന്‍ മാഷ്‌  എന്‍.എസ്.എസ് പ്രോഗാം ഓഫീസര്‍ എന്ന നിലയില്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ്.






മഴവില്‍ മാഗസിന് വേണ്ടി അരീക്കോടന്‍ മാഷുമായി ഒരു നര്‍മ്മ സംഭാഷണം


മാഷേ, അസ്സലാമു അലൈകും 

വ അലൈകുമുസ്സലാം 

മാഷിന്‍റെ തലയില്‍ കാണുന്ന കഷണ്ടി  മൂക്കിന്‍തുമ്പിലെ ശുണ്ഠിയുടെ  സൈഡ് എഫക്റ്റ് ആണോ?? 

തല മൂക്കിന്റെ സൈഡില്‍ അല്ല സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ ഇത് ഒരു സൈഡ് എഫക്ട് അല്ല
മാഷ്‌ പല യാത്രകളും നടത്തിയിട്ടുണ്ട് എന്നറിയാം. അതൊക്കെ വായനക്കാര്‍ക്കായി പങ്കുവച്ചിട്ടുമുണ്ട്. അതിലധികവും ജോലിയുമായി ബന്ധപ്പെട്ട യാത്രകളായിരുന്നു. എന്നെങ്കിലും സ്വന്തം കാശ് മുടക്കി ദൂരയാത്ര ചെയ്തിട്ടുണ്ടോ?? 

കാശ് അടിച്ചിറക്കാന്‍ എനിക്കോ എന്റെ വല്ല്യാപ്പക്കോ പ്രസ്സ് ഇല്ലാത്തതിനാല്‍ “സ്വന്തം കാശ്“ മുടക്കി ഇതുവരെ യാത്ര എന്നല്ല ഒരു സംഗതിയും ചെയ്തിട്ടില്ല.
 
അദ്ധ്യാപകര്‍  അധികവും പിശുക്കന്മാരാണ്  എന്ന്  അടക്കം പറയുന്നവരോട്?? 
സ്വതന്ത്രമായി വിളിച്ചുപറയാന്‍ സ്വന്തമായി ഒരു വായയും, കേള്‍ക്കാന്‍ 1400 കോടി ചെവികളും ഈ ലോകത്തുണ്ടായിട്ട്  തുറന്ന് പറയാതെ കുശുകുശുക്കുന്നവനല്ലേ യഥാര്‍ത്ഥ പിശുക്കന്‍? തലയില്ലാത്തവന്‍ കഷണ്ടിയുള്ളവനെ കളിയാക്കരുത് എന്നേ അവരോട് പറയാനുള്ളൂ.

ബ്ലോഗറും രാഷ്ട്രീയക്കാരും തമ്മിലുള്ള സാമ്യം?
തൊലിക്കട്ടി
ജീവിതത്തിലെ ഏറ്റവും വലിയ അമളി?

ഇതുവരെ പറ്റിയ ഒരു അമളിയും ഈ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

അരീക്കോടനെ അരീക്കോട്ടുകാര്‍ എന്നെങ്കിലും  തിരിച്ചറിഞ്ഞിട്ടുണ്ടോ?? 

ഇലക്ഷന്‍ ബൂത്തിനകത്ത് തിരിച്ചറിയാറുണ്ട്.

താങ്കള്‍ ഒരു മന്ത്രിയായാല്‍ ആദ്യം ചെയ്യുന്നത്? 

സത്യപ്രതിജ്ഞ, അത് കഴിഞ്ഞാലല്ലേ മന്ത്രിയാകൂ.

ബ്ലോഗര്‍മാര്‍ക്കും ഒരു മന്ത്രി വേണം എന്ന ആശയത്തോട്?? 

അഞ്ചാംമന്ത്രി തീരുമാനം തന്നെ എന്തൊക്കെ പുകിലാ ഉണ്ടാക്കിയത്. എന്നാലും ആമാശയം വിപുലീകരിക്കാനുള്ള ഈ ആശയം ആശയായി തുടരട്ടെ.

അമ്മ ദിനം, അപ്പന്‍ ദിനം, കാമുകി ദിനം, അവളെ വഞ്ചിച്ചതിനു വഞ്ചനാദിനം, അങ്ങിനെ എല്ലാത്തിനുമിപ്പോള്‍ ഓരോ ദിനങ്ങളുണ്ടല്ലോ?  ബ്ലോഗേഴ്സ് ഡേ വേണം എന്ന നിര്‍ദ്ദേശത്തോട്?

365 ദിവസം ഉണ്ടായിട്ട് അത് മുഴുവന്‍ അമ്മയും അപ്പനും കാമുകിയും കാമുകനും മറ്റും അടിച്ചുകൊണ്ടുപോയി, പക്ഷേ  ബ്ലോഗേഴ്സ് ഡേയുടെ പിതൃത്വം ആരും  ഇതുവരെ ഏറ്റെടുത്തില്ല. ഫെബ്രുവരി 30 (നൂറ്റാണ്ടില്‍ ഒരിക്കല്‍!!)

താങ്കളോട്  ഒരു ദു:ഖവാര്‍ത്തയും, ഒരു സന്തോഷവാര്‍ത്തയും അത്യാവശ്യമായി അറിയിക്കാനുണ്ട്  എന്ന്പറഞ്ഞാല്‍ ആദ്യം ഏതു കേള്‍ക്കും? എന്ത് കൊണ്ട്? 

ദു:ഖവാര്‍ത്ത തന്നെ. കാരണം ശേഷം സന്തോഷവാര്‍ത്ത കേട്ട് സന്തോഷം വന്നില്ലെങ്കില്‍ രണ്ട് ദു:ഖവാര്‍ത്ത അറിയിച്ചതിനുള്ള പിഴയായി കരണക്കുറ്റിക്ക് ഒന്ന് കൊടുക്കാലോ (മൂക്കിന്‍ തുമ്പിലല്ലേ ശുണ്ഠി?)

ഒരു പാവം അരീക്കോട്ടുകാരന്‍ എപ്പോഴൊക്കയാണ്  ക്രൂരനാവുന്നത്? 

ടി.ജി രവി (പാവം ക്രൂരന്‍) ആകുമ്പോള്‍ മാത്രം.

സുഹൃത്തുക്കള്‍ ഭാരം (സോറി, പാര) ആകുന്നത് എപ്പോഴൊക്കെയാണ്? 

ശമ്പളം കിട്ടുന്ന ദിവസം തന്നെ കടം ചോദിക്കുമ്പോള്‍.

നാളെയെക്കുറിച്ചുള്ള ഏറ്റവും വലിയ സ്വപ്നം.

ഇന്നുറങ്ങിയിട്ട് പറയാം. നാളെയെക്കുറിച്ചുള്ള വലിയ സ്വപ്നം ഇന്നുറങ്ങിയിട്ടല്ലേ കാണൂ.

മാഷിനു  മറവി ഒരനുഗ്രഹമാകുന്നതെപ്പോള്‍? 

സ്കൂളില്‍ പഠിക്കുന്ന കാലത്ത് മാത്‌സിന്റെ മാര്‍ക്ക് ബാപ്പയോട് പറയുമ്പോള്‍ മറവി വല്ലാത്തൊരു അനുഗ്രഹമായിരുന്നു.

ഈ  പ്രായത്തിലും പ്രസരിപ്പിന്റെ രഹസ്യം? 

പ്രസരിപ്പ് എന്നാല്‍ തിളക്കം, സംശയമെന്താ..  തലയിലെ ഒന്നര ഏക്കര്‍ തരിശുഭൂമി തന്നെ (പിന്നെ 26 ആം വയസ്സില്‍ പ്രസരിപ്പല്ലാതെ  തരിപ്പാണോ വേണ്ടത്?)


                                   ഇനിയുള്ള ചോദ്യങ്ങള്‍  സീരിയസ് ആയി .
ബ്ലോഗിംഗ്  ഗൗരവമായി  കണ്ടു തുടങ്ങിയത് എന്നു  മുതലായിരുന്നു?
2006 മുതലാണ് ഞാന്‍ ബ്ലോഗ്‌ ചെയ്യുന്നത്. അതുവരെ പത്രങ്ങളില്‍ (മാധ്യമം & ചന്ദ്രിക)  ആക്ഷേപഹാസ്യം എഴുതിയിരുന്നു. പത്രങ്ങള്‍ക്ക് അവ വേണ്ടാതായപ്പോഴും എന്റെ സൃഷ്ടിയുടെ ഉറവ തുടര്‍ന്നതിനാല്‍ ആക്സ്മികമായി ബൂലോകത്ത് എത്തി.

ഫേസ് ബുക്ക്, ട്വിറ്റര്‍ മുതലായ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ കൂടുതലായി പ്രചാരത്തില്‍ വന്നപ്പോള്‍, പല നല്ല സൃഷ്ടികളും പ്രായം തികയാതെ പിറവിയെടുക്കുന്നു  എന്ന് പൊതുവേ ഒരു പരാതി പറയാറുണ്ട്, എന്താണ് അഭിപ്രായം? ഇത്തരം മീഡിയകളോട് അയിത്തം കല്‍പ്പിക്കേണ്ടതുണ്ടോ?
മൈക്രോബ്ലോഗിംഗ് രംഗത്ത് സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല. ഈ വിപ്ലവം തന്നെയാണ് സൃഷ്ടികള്‍ പ്രായം തികയാതെ പിറക്കാനും കാരണമായത്. ഉപയോഗിക്കുന്നവന്റെ ഔചിത്യമില്ലായ്മ കൊണ്ട് വരുന്ന കുഴപ്പങ്ങള്‍ കാരണം ഈ മീഡിയകളോട് അയിത്തം കല്‍പ്പിക്കുന്നത് കുരങ്ങിന്റെ കയ്യില്‍ മുല്ലപ്പൂമാല കണ്ടതുകൊണ്ട് ഇനി മുല്ലപ്പൂമാല വാങ്ങില്ല എന്ന് പറയുന്നതുപോലെയാണ്.
നാഷണല്‍ സര്‍വീസ് സ്കീമില്‍  സജീവമായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഇന്നത്തെ ന്യൂ ജനറേഷന് ഇത്തരം സാമൂഹ്യ പ്രവര്‍ത്തങ്ങളില്‍ താല്‍പര്യം കുറഞ്ഞുവരുന്നു എന്ന് തോന്നിയിട്ടുണ്ടോ ? 

തീര്‍ച്ചയായും തോന്നിയിട്ടുണ്ട്.1500-ഓളം കുട്ടികള്‍ പഠിക്കുന്ന എന്റെ കോളേജില്‍ 100 വളണ്ടിയര്‍മാരെ തികയ്‌ക്കാന്‍ പെട്ട പാട് എനിക്കേ അറിയൂ. ആ നൂറില്‍ത്തന്നെ സാമൂഹ്യസേവനസന്നദ്ധതയുള്ളവര്‍ അന്‍പതില്‍ താഴെയാണ്. സ്വാര്‍ത്ഥത മനുഷ്യമനസ്സിനെ മുച്ചൂടും വിഴുങ്ങിക്കഴിഞ്ഞിരിക്കുന്നു.
ചുരുങ്ങിയ വര്‍ഷം കൊണ്ട്  അറുനൂറിലധികം  പോസ്റ്റുകള്‍ മാഷ്‌  എഴുതിയിട്ടുണ്ട്. ആശയദാരിദ്ര്യമില്ലാതെ ഇത്രയും പോസ്റ്റുകള്‍ എങ്ങിനെ എഴുതാന്‍ സാധിക്കുന്നു? 
ഇടത്തും വലത്തും, മുന്നിലും പിന്നിലും, താഴെയും മുകളിലും എല്ലാം എത്രയെത്ര വിഷയങ്ങള്‍ കിടക്കുന്നു. പിന്നെങ്ങനെ ആശയദാരിദ്ര്യം വരും? ഇക്കഴിഞ്ഞ ദിവസം എന്റെ മൂത്ത മകള്‍ ലുലുമോള്‍ പറഞ്ഞത്, ഉപ്പച്ചി കുറച്ചുനേരം അവരുടെ വൈകുന്നേരത്തെ കളി വീക്ഷിച്ചാല്‍ ഇഷ്ടം പോലെ പോസ്റ്റിനുള്ള ആശയങ്ങള്‍ കിട്ടും എന്നായിരുന്നു. ആശയം ഒന്നും കിട്ടിയില്ലെങ്കില്‍ ഒന്ന് കണ്ണുതുറന്ന് നോക്കിയാല്‍ മാത്രം മതി എന്നാണ് എന്റെ അഭിപ്രായം.

'മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍' എന്ന താണല്ലോ ബ്ലോഗ്‌  ടൈറ്റില്‍. ഈ പേരിന്‍റെപിറവി എങ്ങിനെയെന്നു വിശദീകരിക്കാമോ? 

എന്റെ ബ്ലോഗിന്റെ ആദ്യത്തെ ടൈറ്റില്‍ “അരീക്കോടന്റെ കാടന്‍‌ചിന്തകള്‍” എന്നായിരുന്നു. ആക്ഷേപഹാസ്യം കൈകാര്യം ചെയ്തിരുന്ന അക്കാലത്ത് എന്റെ ചിന്ത അങ്ങനെ പോയിരുന്നതായി സ്വയം തോന്നിയതുകൊണ്ട് അങ്ങനെ ഒരു പേരിട്ടു. കൈകാര്യം ചെയ്യുന്ന വിഷയം നര്‍മ്മവും പേര്  ഗൗരവം നിറഞ്ഞതും ആയപ്പോള്‍ ഒന്ന് സോഫ്റ്റ് ആക്കാന്‍ തോന്നി. എന്റെ മനസ്സില്‍ തോന്നുന്ന അക്ഷരങ്ങള്‍ കോര്‍ത്തിണക്കി വരുന്ന ചിന്തകള്‍ ആയതിനാല്‍ പേര്  'മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍' എന്നാക്കി മാറ്റി.


പലരും പറയുന്ന ഒരു പരാതിയാണ്  തങ്ങളുടെ രചനകള്‍ക്ക്  വേണ്ടത്ര  പരിഗണന ബൂലോകത്ത് നിന്നും ലഭിക്കുന്നില്ല എന്ന്. സ്വന്തം അനുഭവത്തില്‍ നിന്നും എപ്പോഴെങ്കിലും അങ്ങിനെ  തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് എന്തുകൊണ്ടായിരിക്കും?
ഇത് ഒരു തെറ്റിദ്ധാരണ മൂലം ഉണ്ടാകുന്നതാണ് എന്നാണ് എന്റെ അഭിപ്രായം. ഒരു പോസ്റ്റ് ഇട്ടാല്‍ അതിന് നിറയെ കമന്റ് കിട്ടണം എന്ന് മനസ്സിലുള്ളവന്‍ മറ്റുള്ളവന്റെ ബ്ലോഗ് കൂടി വായിച്ച് കമന്റ് ഇടണം. മറ്റുള്ളവരെ പരിഗണിക്കുന്നവന് തീര്‍ച്ചയായും പരിഗണന കിട്ടും.  ഇപ്പോള്‍ വായിക്കാന്‍ കിട്ടുന്ന സമയം വളരെ കുറവാണ്, അതില്‍ത്തന്നെ പലപ്പോഴും സിസ്റ്റം കമന്‍റിടാന്‍ സമ്മതിക്കില്ല. അതുകൊണ്ട് എന്റെ പോസ്റ്റുകള്‍ക്ക് ഇപ്പോള്‍ കമന്റും കുറവാണ്. പക്ഷേ എന്റെ ബ്ലോഗില്‍ ഒരുപാട് ആളുകള്‍ കയറുന്നത് സ്റ്റാറ്റിസ്റ്റിക്സ് വഴി ഞാന്‍ അറിയുന്നു. അത് എനിക്ക് സംതൃപ്തി നല്‍കുന്നു.

 ബ്ലോഗുവഴി സമൂഹത്തിനുവേണ്ടി പ്രാക്ടിക്കലായി എന്തൊക്കെ ചെയ്യാന്‍ കഴിയും? 
സമൂഹത്തിന് എന്നതിലുപരി വ്യക്തികള്‍ക്ക് വേണ്ടി ചെയ്യാന്‍ സാധിക്കും എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം ബ്ലോഗ് വായിക്കുന്നവനേ ഇതിലൂടെയുള്ള ചര്‍ച്ചയും ഉപദേശങ്ങളും മറ്റും അറിയുന്നുള്ളൂ. ഓരോ വ്യക്തിയും അത് പ്രാവര്‍ത്തികമാക്കുമ്പോള്‍ അതിന്റെ ഫലം സമൂഹത്തിന്റെ ചില കോണുകളില്‍ എത്തുന്നു എന്നുമാത്രം. എന്നിരുന്നാലും മുല്ലപ്പൂവിപ്ലവം പോലെ ചില സാമൂഹികമാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ബ്ലോഗ് നല്ല മാര്‍ഗ്ഗമാണ്. ബൂലോകത്തുള്ളവര്‍ അത്തരം ചിന്തകള്‍ക്ക് മനസ്സ് കൊടുക്കുന്നവരാണ് എന്നതുതന്നെയാണ് അതിന്റെ കാരണം.

നവ ബ്ലോഗര്‍മാര്‍ക്ക്  മാഷിന്‍റെ വക ഉപദേശം? 
ബൂലോകത്തെ നന്നായി അറിയുക. കമന്റുകള്‍ക്കുവേണ്ടി മാത്രമായി സൃഷ്ടിമാറരുത്. തന്റെ കഴിവുകളെ ഉദ്ദീപിപ്പിക്കാനുള്ള ഒരു സൗജന്യമാര്‍ഗ്ഗമായി മാത്രം ഇതിനെ കാണുക. ഒപ്പം ചില നല്ല സൗഹൃദങ്ങള്‍ വളര്‍ത്താനും ശ്രദ്ധിക്കുക.
മാഷിന്‍റെ കുടുംബത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എനിക്ക് കിട്ടിയ മറുപടി ഇങ്ങനെ -

"ഭാര്യ മമ്പാട് മേപ്പാടം സ്വദേശിനി ലുബ്‌ന. ബി.എഡും കഴിഞ്ഞ് അടുക്കളയില്‍ പാചകപരീക്ഷണങ്ങളില്‍ മുഴുകുന്നു. മൂത്തമകള്‍ ബ്ലോഗര്‍ കൂടിയായ ഐഷ നൌറ (എന്റെ കുത്തിവരകള്‍) ഒമ്പതാം ക്ലാസ്സില്‍, വാദി റഹ്മ ഇംഗ്ലീഷ് സ്കൂള്‍ കൊടിയത്തൂര്‍. രണ്ടാമത്തെ മകള്‍ ആതിഫ ജും‌ല, അഞ്ചാം ക്ലാസ്സ് (സ്കൂള്‍ തീരുമാനമായിട്ടില്ല), മൂന്നാമത്തെ മകള്‍ അബിയ്യ ഫാത്തിമ (മൂന്ന് വയസ്സ്).
------------------------------------------------------- 
എന്നാലും എന്‍റെ ഇസ്ഹാഖു ഭായി ,,സുന്ദരനും സുമുഖനും ഇളംപ്രയക്കാരനുമായ ഈ പാവം (ഇതൊക്കെ എന്നെ പറ്റി ഞാന്‍ തന്നെ പുകഴ്ത്തി പറയുന്നതാണ് , ഒന്ന് ക്ഷമിച്ചേക്കൂ ട്ടോ ) ഊര്‍ക്കടവ് കാരനെ  വരച്ചു ഇക്കോലത്തിലാക്കിയല്ലോ  :) 

ഏറ്റവും വലിയ ഒരു അംഗീകാരമായി  ഈ വരയെ ഞാന്‍ നെഞ്ചോടു ചേര്‍ക്കുന്നു!! 

41 comments:

  1. "ഇടത്തും വലത്തും, മുന്നിലും പിന്നിലും, താഴെയും മുകളിലും എല്ലാം എത്രയെത്ര വിഷയങ്ങള്‍ കിടക്കുന്നു. പിന്നെങ്ങനെ ആശയദാരിദ്ര്യം വരും? ഇക്കഴിഞ്ഞ ദിവസം എന്റെ മൂത്ത മകള്‍ ലുലുമോള്‍ പറഞ്ഞത്, ഉപ്പച്ചി കുറച്ചുനേരം അവരുടെ വൈകുന്നേരത്തെ കളി വീക്ഷിച്ചാല്‍ ഇഷ്ടം പോലെ പോസ്റ്റിനുള്ള ആശയങ്ങള്‍ കിട്ടും എന്നായിരുന്നു. ആശയം ഒന്നും കിട്ടിയില്ലെങ്കില്‍ ഒന്ന് കണ്ണുതുറന്ന് നോക്കിയാല്‍ മാത്രം മതി എന്നാണ് എന്റെ അഭിപ്രായം"

    ReplyDelete
  2. അരീക്കോടൻ മാഷിനെ അടുത്തറിയാൻ സാധിച്ച ഈ മഴവിൽ ചര്ച്ചയ്ക്ക് നന്ദി !

    ReplyDelete
  3. നർമ രസമുള്ള സംഭാഷണം അരീകോടൻ മാഷിനും ഫൈസലിനും ഇഷാഖ് ബായിക്കും അഭിനന്ദനങ്ങൾ

    ReplyDelete
  4. ഒരു ബ്ലോഗർ എന്നതിലുപരി അരീക്കോടൻ മാഷിന്റെ സാമൂഹ്യ പ്രവര്ത്തനങ്ങളും വീക്ഷണങ്ങളും ചിന്തകളും എല്ലാം പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്‌ ..
    അത് കൊണ്ട് തന്നെ അദ്ദേഹത്തെ നേരിൽ കാണാനും ആഗ്രഹിച്ചിട്ടുണ്ട് .
    ഇതിപ്പോ ഫൈസലിനു അങ്ങിനെ ഒരു അവസരം കിട്ടിയത് കൊണ്ട് അത് ഇത്ര രസകരമായി ഇവിടെ വായീക്കൻ കഴിഞ്ഞു .
    നന്ദി
    എന്നാലും എന്റെ ഇസ്ഹാക്ക് ഇക്ക (അവിടം കൊണ്ട് നിറുത്തി )

    ReplyDelete
  5. സീരിയസാകുന്നതിനു മുൻപുള്ള എല്ലാ ചോദ്യങ്ങളും അതിനുള്ള ഉത്തരവും മാഷ്‌ നർമ്മത്തിൽ ചാലിച്ച് പറഞ്ഞു. രസിച്ചു.
    മാഷിന്റെ ബ്ലോഗ്‌ വായിക്കുന്ന ഒരാള് എന്ന നിലയിൽ മാഷ്‌ ഒരു അത്ഭുതമായിട്ട് പല്ലപ്പോഴും തോന്നിയിട്ടുണ്ട്. ബ്ലോഗിങ്ങിനെ ഗൌരവമായി കാണുന്ന ചിലർക്കൊപ്പം കസേരയിട്ടിരിക്കാൻ എന്തുകൊണ്ടും മാഷിനു യോഗ്യതയുണ്ട്
    ഫൈസലിനും മാഷിനും ആശംസകൾ

    ReplyDelete
  6. ഞാൻ മാഷിനെ മൂപ്പരെ വീട്ടിൽ ചെന്ന് കത്തിയടിച്ച്‌ വീഴ്ത്തിയതാ ( മാഷും കട്ടക്ക് കട്ട നിന്നു ).
    അവസാനം ആ രുചിയുള്ള ഉള്ളിവട രണ്ടുപേരെയും രക്ഷപ്പെടുത്തി .

    പോരുമ്പോൾ നല്ല നിമിഷങ്ങൾക്ക് പകരമായി ആ കഷണ്ടിയിൽ ഒന്ന് വിശാലമായി തടവി .

    ങ്ങള് രണ്ടാളും ഉസാറാക്കി .

    ReplyDelete

  7. സുന്ദരാ സുമുഖാ ചെറു ഊര്‍ക്കടവുകാരാ.... (ഉംഭായിയുടെ പാട്ടാണ് എന്നാണ് ആദ്യം കരുതിയത് ) ആദ്യമായി ആ നന്ദി മനം പറ്റുന്നു....:) സന്തോഷം..
    മഴവില്ലിനു വേണ്ടി വരക്കണം എന്ന് പറഞ്ഞ് അയച്ചു തന്ന രണ്ട് തലകള്‍ .. ഇത് വച്ച് ഞാനെന്തു വരക്കാന്‍ അരീക്കോടന്‍ മാഷേ കുറിച്ചാണെങ്കില്‍ ഒരു ഐഡിയയും ഇല്ല ,അരീക്കോട് മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും കഴുത്തിനു താഴേക്കുള്‍ള്ള ഒരു തെളിവും കിട്ടിയില്ല , പിന്നെ മഴവില്ല് വന്നപ്പോഴാണ് ഇത്രചിട്ടയായൊരു പള്ളയും പാന്റ്സും ആവലിയ തലക്ക് താഴെ ഉള്ളവിവരം ഞാനറിയുന്നത് .. (മാഷേ ,സലാം....) , ഫൈസലിന്റെ മുഖത്തെ ഗ്ലാമര്‍ പ്രഭയിലാണെങ്കില്‍ കണ്ണടിച്ച് പോകാതിരുന്നത് ഫാഗ്യം അത്രമാത്രം ഫോട്ടോഷോപ്പ് പ്രയോഗങ്ങളാണ് ആഇളം ഊര്‍ക്കടവില്‍ പ്രയോഗിച്ചിട്ടുള്ളത് അവസാനം കര്‍ണ്ണാടകയില്‍ നിന്നാണ് തൊണ്ടി സഹിതം ഫൈസല്‍ ബാബുവിനെ കിട്ടിയത് ..വേഗത്തിലുള്ള വരയല്ലെ ഗ്ലാമര്‍ വികാരം വ്രണപ്പെടുത്തിയതില്‍ മാപ്പ് ചോദിക്കുന്നു.....
    (ഗുണപാഠം: ഒന്നോ രണ്ടോ നല്ലപടങ്ങള്‍ സ്വന്തം ടൈംലൈനില്‍ കരുതി വയ്ക്കുക ഇത്പോലുള്ള അത്യാസന്ന വരകള്‍ക്ക് ഉപകരിക്കും)

    ReplyDelete
  8. മാഷേകുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു..ഫൈസലിനും മാഷിനും അഭിനന്ദനങ്ങള്‍ ...:)

    ReplyDelete
  9. മാഷിനെ ആദ്യമായാണ്‌ വായനയിലൂടെ അറിയുന്നത്. പരിചയപ്പെടുത്തലിനു നന്ദി ഫൈസല്‍.
    ഉരുളയും ഉപ്പേരിയും രുചികരമായിരുന്നു.
    ഇസഹാക്ക് ഭായിയുടെ വരകൂടിയയപ്പോള്‍ ഉഗ്രന്‍.

    ReplyDelete
  10. ഈ മാഷിനെ ഞാന്‍ കണ്ടിട്ടുണ്ടല്ലോ........

    ReplyDelete
  11. ഫൈസലേ....ഉരുളക്കുപ്പേരിയിലേക്ക് ക്ഷണിച്ചതില്‍ വളരെ വളരെ സന്തോഷം.എന്റെ കഷണ്ടിയെ നന്നായി പ്രതിഫലിപ്പിച്ച നാലാമനായ (ഒന്നാമന്‍ എന്റെ തൊട്ടടുത്ത പ്രദേശത്തുകാരന്‍ ശങ്കരന്‍ , രണ്ടാമന്‍ സാക്ഷാല്‍ സജീവേട്ടന്‍ , മൂന്നാമന്‍ നവ ബ്ലോഗര്‍ ഗിരീഷ് മൂഴിപ്പാടം...)ഇസ്‌ഹാക്ക് ഭായിക്കും അഭിനന്ദനങ്ങള്‍.ഭായീ....ഞാന്‍ അരീക്കോടന്‍ മാഷാ , വരച്ചത് കഴുത്തിന് താഴേക്ക് അഴീക്കോടന്‍ മാഷ് ആയോ എന്ന് സംശയം?പ്രശ്നൊല്ലാട്ടോ....

    ReplyDelete
  12. ഫൈസലേ എന്റെ വക ഇതാ ഇവിടെ....http://abidiba.blogspot.in/2013/05/blog-post_14.html

    ReplyDelete
  13. അരീക്കോടന്‍മാഷിനെ പരിചയപ്പെടുത്തിയത് ഹ‍ദ്യമായ ഒരു അനുഭവമായി. നന്ദി, ഫൈസല്‍ ബായ്......

    ReplyDelete
  14. ഈ പരിചയപ്പെടുത്തലിന് നന്ദി.

    ReplyDelete
  15. ഉരുളയ്ക്കുപ്പേരി പൊടിപൊടിച്ചൂട്ടോ

    ReplyDelete
  16. അരീക്കോടന്‍ മാഷുമായുള്ള സംഭാഷണം രസായി ഫൈസല്‍.
    മാഷിനെയും കുടുംബത്തെയും ജീവിത ചുറ്റുപാടുകളെയും ഞങ്ങള്‍ക്ക് മനസ്സിലാക്കി തന്നതിന് നന്ദി.

    ഇസഹാക്ക് ഭായിയുടെ വര പതിവ് പോലെ ഗംഭീരം.

    മൂന്നു പേര്‍ക്കും ആശംസകള്‍.

    ReplyDelete
  17. ഫൈസൽ ബാബു
    നന്ദി ഈ ബഹുമുഖ പ്രതിഭയെ ഇവിടെ പരിചയപ്പെടുത്തിയതിൽ
    അദ്ദേഹത്തിന്റെ കൂടുതൽ സൃഷ്ടികൾ വായിക്കാൻ ശ്രമിക്കുന്നതായിരിക്കും
    മൂത്ത മകള്‍ ലുലുമോള്‍ പറഞ്ഞത്,എത്ര സത്യം അല്ലെ.
    ഈ വിഷയ ദാരിദ്ര്യം ഒരു മഹാ സംഭവം തന്നെ അല്ലെ!
    അഭിമുഖം വളരെ ഇഷ്ടായി, സത്യത്തിൽ
    "This made my day"
    Keep it up.
    വീണ്ടും കാണാം. നന്ദി

    ReplyDelete
  18. മഴവില്ലില്‍ വിരിഞ്ഞ മനോഹരമായ ഉരുളയും ഉപ്പേരിയും ...വര ആണെങ്കില്‍ പിന്നെ പറയുകയും വേണ്ടല്ലോ കട്ടക്ക് കട്ട ...

    ReplyDelete
  19. അരിക്കോടൻ മാഷെ രണ്ട് ബൂലോഗസംഗമങ്ങളിൽ കൂടി
    അടുത്തറിഞ്ഞിട്ടുണ്ടെങ്കിലും ,ഇതുപോലെ ഉള്ളുതുറന്നുള്ള ഒരു
    അറിയിക്കപ്പെടൽ അനുഭപ്പെട്ടതിപ്പോഴാണ് കേട്ടൊ ഫൈസൽ

    ReplyDelete
  20. ഉരുളക്ക് ബിരിയാണിയായല്ലോ!

    ReplyDelete
  21. ഈ മാഷേപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും
    ഇപ്പോൾ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു
    പ്രിയതമ പറഞ്ഞതുപോലെ ഈ ബഹുമുഖ
    പ്രതിഭയെ ഇവിടെ പരിചയപ്പെടുത്തിയതിൽ നന്ദി.
    നവ ബ്ലോഗര്‍മാര്‍ക്ക് മാഷിന്‍റെ വക ഉപദേശം വളരെ ഇഷ്ടായി
    "ബൂലോകത്തെ നന്നായി അറിയുക. കമന്റുകള്‍ക്കുവേണ്ടി മാത്രമായി സൃഷ്ടിമാറരുത്. തന്റെ കഴിവുകളെ ഉദ്ദീപിപ്പിക്കാനുള്ള ഒരു സൗജന്യമാര്‍ഗ്ഗമായി മാത്രം ഇതിനെ കാണുക. ഒപ്പം ചില നല്ല സൗഹൃദങ്ങള്‍ വളര്‍ത്താനും ശ്രദ്ധിക്കുക. കൂടാതെ
    മറ്റുള്ളവരെ പരിഗണിക്കുന്നവന് തീര്‍ച്ചയായും പരിഗണന കിട്ടും."
    ഇത് കലക്കി
    എന്നാലും ചിലർ തിരിഞ്ഞു നോക്കിയെന്നു പോലും വരില്ല എങ്കിലും അവിടെ "മടുത്തുപോകരുത്" എന്നൊരു വാൽക്കഷണം കൂടി ഇവിടെ ചേർക്കുന്നു.
    ഇന്റർവ്യൂ ഈ പ്രതിഭയിലെ പലതും പുറത്തു കൊണ്ടുവന്നു, ഒപ്പം ഇസഹാക്ക് ഭായിയുടെ ദൃധിയിൽ ഉള്ള വര (ഇത് വരക്കാരാൻ കമന്റിൽ പറഞ്ഞത്) അതായത് നിമിഷ വര? അതിലും കിടിലൻ ആയി ആശംസകൾ ഇരുവർക്കും ഒപ്പം എല്ല നന്മകളും അരീക്കോടൻ മാഷിനും നേരുന്നു.
    ഒപ്പം ഒരു നിർദേശവും ഉണ്ട്,
    ചിത്രങ്ങളുടെ വലുപ്പം അടുത്ത സൈസ്സിലേക്ക് മാറ്റിയാൽ കുറേക്കൂടി വ്യക്തത കിട്ടും എന്ന് തോന്നുന്നു. മൊത്തത്തിൽ ഒരു നല്ല വിഭവം ഉള്ളിൽ ചെന്ന ഒരു സുഖം. കുശാലായി!
    ആശംസകൾ

    ReplyDelete
  22. വായിച്ചിരുന്നു ... രസകരം ഫൈസൽ ഭായ് ... ആശംസകൾ .

    ReplyDelete
  23. രസകരമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ രണ്ടു പേർക്കുമായി..

    ReplyDelete
  24. മഴവില്ലിൽ വായിച്ചിരുന്നൂ ട്ടൊ..ഇഷ്ടായി..ആശംസകൾ..!

    ReplyDelete
  25. ഉരുളക്കു ഉപ്പേരി കൊള്ളാം ..
    മഴവില്ലില്‍ വായിച്ചിരുന്നു ...

    ReplyDelete
  26. അരിക്കോടന്‍ മാഷിനെപോലുള്ള ബഹുമുഖ പ്രതിഭയെ അറിയാതെ പോയെങ്കില്‍ നഷ്ടമായേനെ.ഫൈസല്‍ ബാബുവിന് നന്ദി. നവ ബ്ലോഗര്‍മാര്‍ക്കുള്ള ഉപദേശം ശിരസാവഹിക്കുന്നു..

    ReplyDelete
  27. ചോദ്യങ്ങളുടെ ആഴവും... ഉത്തരങ്ങളുടെ പരപ്പും... കഷണ്ടിയെക്കാൾ തിളങ്ങി എന്ന് പറയുന്നതിൽ ഒട്ടും അപാകത ഉണ്ടെന്നു തോന്നുന്നില്ല! നന്നായിരുന്നു അഭിമുഖം രണ്ടു പേര്ക്കും ആശംസകൾ

    ReplyDelete
  28. ചോദ്യങ്ങളുടെ ആഴവും... ഉത്തരങ്ങളുടെ പരപ്പും... കഷണ്ടിയെക്കാൾ തിളങ്ങി എന്ന് പറയുന്നതിൽ ഒട്ടും അപാകത ഉണ്ടെന്നു തോന്നുന്നില്ല! നന്നായിരുന്നു അഭിമുഖം രണ്ടു പേര്ക്കും ആശംസകൾ

    ReplyDelete
  29. നീ എഴുതിയ രണ്ടുമൂന്നെണ്ണം വായിച്ചു തീര്തപ്പോ ഒരു വെടികൊണ്ട അനുഭൂതി.
    ഒക്കെക്കൂടി രസായിരിക്കുന്നു മച്ചാ.

    ReplyDelete
  30. എന്താ ഞാന്‍ ഇവിടെ എത്താന്‍ വൈകി . കൊള്ളാം . മാഷിനെ കൂടുതലായി അറിയാന്‍ കഴിഞ്ഞു . PRAVAAHINY

    ReplyDelete
  31. അരീക്കോടന്റെ ചിന്തയും ഊർക്കടവന്റെ എഴുത്തും കൂടി സംഗതി ഉഷാറായി

    ReplyDelete
  32. അരീക്കോടന്‍ മാഷുമൊത്തു അര നാഴികയല്ല ഒന്നര നാഴിക സംസാരിച്ചാലും അധികമാകുമായിരുന്നില്ല എന്ന് തോന്നില്‍. സരസമായ അവതരണം

    ReplyDelete
  33. ദേവൂട്ടിയുടെ ആശംസകള്‍!!!!!!!

    ReplyDelete
  34. ഭംങ്ങിയായി അവതരിച്ചു ..മാഷുമോത്തുള്ള അരനായിക ..ആശംസകള്‍

    ReplyDelete
  35. അരീക്കോടന്‍ മാഷിനെക്കുറിച്ച് അറിയാന്‍ സാധിച്ചു. അതും വളരെ രസകരമായിത്തന്നെ.ചില ചോദ്യങ്ങളും മറുപടികളും ചിരിയുണര്‍ത്തി.ആദ്യം കേള്‍ക്കുന്ന വാര്‍ത്തയും, നാളത്തെ സ്വപ്നവും..

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.