ഒരു ബ്ലോഗറുടെ പെണ്ണു കാണല്‍


പെണ്ണു കെട്ടിയേ ഇനി സൌദിയിലേക്ക് വിടൂ എന്ന വാശിയിലായിരുന്നു വീട്ടുകാര്‍ , എന്തോ ഞാനിങ്ങനെ സന്തോഷവാനായി നടക്കുന്നത് അവര്‍ക്ക് അത്ര പിടിക്കുന്നില്ല എന്ന് തോന്നുന്നു . എനിക്ക് പറ്റുന്നത് നാട്ടുകാര്‍ക്കും , നാട്ടുകാര്‍ക്ക് പറ്റുന്നത് ബ്രോക്കര്‍ക്കും, ഇവര്‍ക്കൊക്കെ പറ്റുന്നത് പോയ വീട്ടിലെ പെണ്ണിനും പറ്റാതെ ആ ചടങ്ങങ്ങിനെ മൂന്ന് നാലെണ്ണം കൈവിട്ട് പോയി , അതിനേക്കാള്‍ വേഗം ലീവും തീരുന്നു .
ഇനി പെണ്ണ് കാണൽ ചടങ്ങൊക്കെ നിർത്തിവെച്ച് അടുത്ത വെക്കേഷനിലാവും രണ്ടാം ഭാഗം എന്നു കരുതി "സന്തോഷവാനായി" ഇരിക്കുമ്പോഴാണ് ചങ്ങാതി പറയുന്നത് ഒരു പെണ്ണുണ്ടടാ നിനക്കിഷ്ടാവും നമുക്കൊന്ന് പോയി നോക്കാംന്ന് .

മഴക്കാലമായിരുന്നു. തൊട്ടു മുമ്പുള്ള പെണ്ണു കാണല്‍ മുടക്കിയത് ഈ മഴയായിരുന്നു . സൌദിയില്‍ നിന്നും വന്നപ്പോള്‍ നൈസായി എനിക്കിട്ട് കൂട്ടുകാരന്‍ തന്ന പണിയായിരുന്നു ഒരു മൈസൂര്‍ രജിസ്ട്രേഷന്‍ മാരുതി കാര്‍ ,
എന്‍റെ ആവശ്യത്തിനു ഒരിക്കലും അത് സ്റ്റാര്‍ട്ട് ആവാറണ്ടായിരുന്നില്ല .അതാണ്‌ ആ കാറിന്‍റെ പ്ര ത്യേകത !!, ആയതിനാല്‍ അന്ന് ഞാനും കൂട്ടുകാരനും കൂടി സ്കൂട്ടറില്‍ പോയി , പക്ഷെ പെണ്ണു വീടിന്‍റെ അടുത്തെത്തിയപ്പോഴേക്കും നല്ല മഴ , മഴക്കോട്ട് ഇല്ലാത്തതിനാല്‍ ആകെ നനഞ്ഞു , പോരാത്തതിന് കഷ്ട്ടി രണ്ടു പേര്‍ക്ക് നടക്കാന്‍ പോലും വീതിയില്ലാത്ത ആ നടവരമ്പിലെ ചെളിയില്‍ നൈസായി ഒന്ന് സ്ലിപ്പ് ചെയ്യുക കൂടി ആയപ്പോള്‍ സൂപ്പറായി , പെൺ വീട്ടില്‍ പോവാതെ നേരെ വീട്ടിലേക്ക് തന്നെ തിരിച്ചു .
ഇത്തവണ ആ സാഹസത്തിനു മുതിരാന്‍ വീട്ടുകാര്‍ സമ്മതിച്ചില്ല , വൈകുന്നേരം പെണ്ണു കാണാന്‍ രാവിലെ തന്നെ കാര്‍ സ്റ്റാര്‍ട്ട് ആക്കാന്‍ തുടങ്ങി ,ശുഭലക്ഷണമാണ് മൂപ്പര്‍ പറ്റിച്ചില്ല, മുഖത്ത് പുട്ടിയിട്ട് ചൈനീസ് സ്പ്രേയും പൂശി ബ്രേക്ക് കുറവായ മാരുതി 800 ൽ വീതി കുറഞ്ഞ ഇടവഴിയിൽ കുടി ഡ്രൈവ് ചെയ്തു അവസാനം പെണ്ണിൻ്റെ വീട്ടിലെ മുറ്റത്തെ തെങ്ങിലേക്ക് നേരെ ഇടിച്ചു നിർത്തി. ഇടിയുടെ ശബ്ദം കേട്ട് വീട്ടില്‍ ഉള്ളവര്‍ ഓടി വന്നു ,
ഇതും കട്ടപൊക എന്നു കരുതി ചമ്മിയ മുഖവുമായി ചങ്ങാതിയെ നോക്കിയപ്പേൾ അവൻ പറയുവാ '' തെങ്ങിൻ തോപ്പ് നോക്കാതെ ഓളെ നോക്കടാന്ന്."
അകത്തെ ജനൽ പൊളിയിൽ കൂടി എല്ലാം കണ്ട് ചിരിക്കുന്ന രണ്ട് കണ്ണുകള്‍ എന്‍റെ നെഞ്ചിടിപ്പിനു കുറച്ചു ആശ്വാസം നൽകി.
സ്ഥിരം ചടങ്ങായ ചായ കുടിക്ക് ശേഷമുള്ള പെണ്ണു കാണല്‍ ഇന്റെര്‍വ്യൂ ആരഭിച്ചു ,
പേരും നാളും യോഗ്യതയുമൊക്കെ ചോദിച്ചു എല്ലാം ഓക്കെയാണ് . ഇനി "നിങ്ങള്‍ക്കുമാവാം ഭാര്യയിലെ" ഏറ്റവും സുപ്രധാനമായ ചോദ്യത്തിലേക്ക് ഞാൻ കടന്നു .
“അധ്വാനിക്കുന്ന എഴുത്തുകാരുടെ ബ്ലോഗിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറുണ്ടോ”?
കുട്ടി ഞെട്ടിയെന്നു തോന്നുന്നു , മൌനമാണ്
“വേണ്ട, ഞാന്‍ തയ്യാറെടുപ്പിച്ചോളാം” അത് പോട്ടെ .”ബൂര്‍ഷ്വാസി കം ബ്ലോഗര്‍ എന്ന പുസ്തകം വായിച്ചിട്ടുണ്ടോ? (വീണ്ടും മൌനം )
"അല്ലങ്കില്‍ വേണ്ട ഡോണ്ട് ടച്ച്‌ മൈ ബ്ലോഗ്‌ കമൻ്റ് എന്ന പുസ്തകം ?”(ദേ വീണ്ടും അവള്‍ക്ക് മൌനം )
“എന്താ വായനശീലം ഇല്ലേ? "
"അതോക്കെയുണ്ട് "
“കമലാ ഗോവിന്ദിൻ്റയും ..സുധാകര്‍ മംഘളോദയത്തിന്‍റെയും കഥ മെഗാസീരിയല്‍ ആക്കിയത് സ്ഥിരമായി
കാണാറുണ്ട്‌ പിന്നെ സമയം കിട്ടുമ്പോള്‍ ആരും കാണാതെ "മലയാളി ഹൌസും" "മടിച്ചിയും" വല്ലപ്പോഴും വെറുതെ ഒരു ഭര്‍ത്താവും കാണും ",
“ഹും ഏറ്റവും ഇഷ്ടപെട്ട ബ്ലോഗര്‍ ?
“ബ്ലോഗര്‍ ?എന്ന് വെച്ചാ ആരാ? എനിക്ക് അറിയില്ല "
“ഓഹോ ? ശെരി സാരമില്ല ഞാന്‍ പറഞു തരാം | " ഞാനൊരു ബ്ലോഗറാണ് , അത് കൊണ്ട് എനിക്ക് ചില വിവാഹ സങ്കല്‍പ്പ്ങ്ങള്‍ ഒക്കെയുണ്ട് കുട്ടി ശ്രദ്ധിച്ചു കേട്ടോളൂ, വിവാഹ ദിവസം ഒരു കമൻ്റ് ഞാനങ്ങോട്ടിടും വേറൊരു കമന്റ്സ് താന്‍ ഇങ്ങോട്ടിടും. ഞങ്ങളുടെ ബ്ലോഗാപ്പീസില്‍ വെച്ച് ലളിതമായ ഒരു ചടങ്ങ് . ശേഷം ഞങ്ങള്‍ ബ്ലോഗര്‍ മാരെല്ലാം കൂടി ഒരു വിപ്ലവ പോസ്റ്റ്‌ വായിക്കും. അതില്‍ ലൈക് ചെയ്യുകയോ ടാഗ് ചെയ്യുകയോ ഒക്കെ ചെയ്യാം .അതോടെ ചടങ്ങു തീര്‍ന്നു.
പിന്നെ ഒരു കാര്യം കൂടി ഒരു ബ്ലോഗരുടെ ഭാര്യ എന്തും സഹിക്കാന്‍ തയ്യാറാവണം.. ചീറി വരുന്ന വെടിയുണ്ട പോസ്റ്റുകള്‍ക്ക് മുമ്പില്‍ കമൻ്റിടാതെ ഒഴിഞ്ഞുമാറുക. ചിലപ്പോള്‍ അനോണിയായി ഒളിവില്‍ പോകേണ്ടിവരും. മിക്കവാറും ദിവസങ്ങളില്‍ ഒളിത്താവളങ്ങള്‍ ആയിരിക്കും ആശ്രയം. അങ്ങിനെ “തടവറകള്‍ മണിയറകളാക്കുന്നവളാകണം ഒരു യഥാര്‍ത്ഥ ബ്ലോഗരുടെ ഭാര്യ ” ഇങ്ങിനെയൊക്കയാണ് ഞാൻ വേണേൽ കൂടെ കൂടാം എന്താ റെഡിയല്ലേ ?
എന്നെ ഞെട്ടിച്ചുകൊണ്ട് അവള്‍ പറഞ്ഞു ,
" അങ്ങിനെ പലഹാരവും ചായയും കുടിച്ചു എന്തേലും വിളിച്ചു പറഞ്ഞു രക്ഷപ്പെടാന്‍ നോക്കണ്ട , എന്നേം കൊണ്ട് പോയാൽ മതി 
(ശുഭം )

8 comments:

 1. ബ്ലോഗർ എന്ന് പറഞ്ഞപ്പോൾ ബ്രോക്കർ എന്ന് തെറ്റിദ്ധരിക്കാത്തത് ഭാഗ്യം...

  ReplyDelete
 2. ഇത് വിളിച്ചിട്ടു സദ്യയില്ലെന്നു പറഞ്ഞപോലായിപ്പോയി.
  എന്നാലും ബ്ലോഗു പെണ്ണുകാണൽ രസമായി . ഫൈസലിന്റെ പഴയ തമാശപോസ്റ്റുകൾ ഓർത്തുപോയി.

  ReplyDelete
 3. ബ്ലോഗറുടെ ബ്ലോഗു വിശേഷം രസകരമായി. അന്തംവിട്ടുനിന്നുനിന്ന കുട്ടിയും ഞെട്ടിയില്ല,ഉരുളയ്ക്കുപ്പേരിയും കൊടുത്തു ബ്ലോഗറുടെ കണ്ണുത്തള്ളിപ്പിച്ചു.
  എന്തായാലും ഈ പെണ്ണുകാണൽ നന്നായി. ശുഭം. ശുഭകരം.
  ആശംസകൾ ഫൈസൽ സാർ

  ReplyDelete
 4. അതിഭയങ്കര അപകടം പിടിച്ച ഒരു ദൗത്യം അതീവ രസകരമായി അവതരിപ്പിച്ചു. പെണ്ണന്വേഷകനെപ്പോലെ പുരുഷാന്വേഷികക്കും സമാനമായ ഒരു പിരി ലൂസ് ഉള്ളതിനാൽ പെണ്ണുകെട്ടി രക്ഷപ്പെട്ടു അല്ലെ!.

  ReplyDelete
 5. ഒരു ബ്ലോഗറുടെ ഭാര്യയാകാൻ വേണ്ട യോഗ്യതകൾ അടിപൊളി

  ReplyDelete
 6. ഈ പോസ്റ്റ് വായിച്ച് ഫോളോവറായ വിവരം ഇതിനാൽ അറിയിച്ചു കൊളളുന്നു...

  ആശംസകൾ
   രൂപ

  ReplyDelete
 7. ലാസ്റ്റ്, പെണ്ണിൻ്റെ അച്ഛൻ വന്ന്, "കടക്ക് പുറത്ത്" എന്ന് പറയാഞ്ഞത് നന്നായി!

  ReplyDelete
 8. അപ്പോൾ ശരി ഈ പെണ്ണുകാണലിന് ശേഷം  , 
  ഈ ബ്ലോഗറുടെ കൂടെ ആ മൊഞ്ചത്തി ഇറങ്ങിവന്ന 
  കാരണമാണല്ലോ ഇന്നും നമുക്ക് ഈ ബ്ലോഗറുടെ ഇത്തരം
  ഉദാത്തമായ സൃഷ്ട്ടികൾ ലഭിച്ചുകൊണ്ടിരിക്കുന്നത് വേറെ
  വല്ലവരുമാണ് കെട്ട്യോളായി വന്നെങ്കിൽ എന്നേ ഇതിന് താഴിട്ട്
  പൂട്ടിയേനെ അല്ലെ.. .

  ഞാനൊക്കെ എഴുതുന്നതൊന്നും വായിക്കാത്ത 
  ഒരു പെർമനന്റ് ഗെഡിച്ചി  ഉണ്ടായത് കൊണ്ടാണ്
  എന്റെ ബ്ലോഗിന്റെ നിലനിൽപ്പ് പനപോലെ തഴച്ചു
  വളരുന്നത് കേട്ടോ ഭായ്...

  ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.